മുംബൈ: ഗുജറാത്ത് സംഭവങ്ങള്‍ക്കു പ്രതികാരമായി ഇന്ത്യയില്‍ ആണവ ആക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. തടവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹദ്ദീന്‍ സ്ഥാപകനേതാവ് യാസിന് ഭട്കലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച 272 പേജുള്ള കുറ്റപത്രത്തിലാണ് ഈ വിവരങ്ങള്‍. ഇന്ത്യയുടെ ഡയമണ്ട് തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തില്‍ സ്ഫോടനം നടത്താന്‍ ഒരു ചെറിയ ആണവ ബോംബ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരന് റിയാസ് ഭട്കലുമായി ചര്‍ച്ച നടത്തിയിരുന്നു. പാകിസ്ഥാനില്‍ നിന്ന് എന്തും ലഭിക്കുമായിരുന്നുവെന്നും യാസിന് പറഞ്ഞു. എന്നാല്‍ ഭട്കലിന്റെ അറസ്റ്റ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലുള്ള വസീരിസ്ഥാനിലുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ പരിശീലനകേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ അബു റാഷിദും ബഡാ സാജിദും ചേര്‍ന്നാണ് അസംഗഢ് സ്ഫോടനങ്ങള്‍ക്കു വേണ്ട ബോംബുണ്ടാക്കിയതെന്ന് ചാര്‍ജ് ഷീറ്റില്‍ പരാമര്‍ശമുണ്ട്. പാകിസ്ഥാന് അന്വേഷണ ഏജന്‍സിയുമായി കടുത്ത അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് താലിബാന് തീവ്രവാദികള്‍ക്ക് നിയന്ത്രണമുള്ള വസീരിസ്ഥാന് ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: