ന്യൂദല്‍ഹി: തെലങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കം ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ പാളി. പുതിയ സംസ്ഥാനമായ സീമാന്ധ്രയ്ക്ക് പതിനായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യണമെന്നതുള്‍പ്പെടെ ബിജെപി അവതരിപ്പിച്ച 10 ഭേഗദതികളംഗീകരിക്കാന് കോണ്‍ഗ്രസ് തയ്യാറാവാതിരുന്നതോടെയാണ് ബില്ലവതരണം പാളിയത്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി നേരിട്ടിടപെട്ട് ബിജെപി ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനു ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ ബില്ല് ഇന്ന് രാവിലെ രാജ്യസഭയിലല്‍ അവതരിപ്പിക്കും.
അതിനിടെ തെലങ്കാന ബില്ലുമായി മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് പ്രാഥമികാംഗത്വവും കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചിട്ടുണ്ട്. ഏഴു മന്ത്രിമാരും അമ്പതോളം എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം രാജിസന്നദ്ധരാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെലങ്കാനയുമായി മുന്നോട്ടു പോയതോടെ കിരണ്‍കുമാറിന്റെ മുന്നില്‍ മറ്റുവഴികളില്ലായിരുന്നെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഉടന്‍ തന്നെ ആന്ധ്രയില്‍ പുതിയ മുഖ്യമന്ത്രിയെ പാര്‍ട്ടി കണ്ടെത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
രാവിലെ തെലങ്കാന ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷ-ഐക്യആന്ധ്രാപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.
ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ച സമയം ലോക്സഭാ ടിവിയുടെ സംപ്രേഷണം നിര്‍ത്തിയ സംഭവത്തിലായിരുന്നു ബിജെപിയുടെ പ്രതിഷേധം. രാജ്യസഭയില്‍ തെലങ്കാന ബില്‍ അവതരിപ്പിക്കുന്നതിന്റെ തത്സമയ സംപ്രേഷണം തടസ്സപ്പെടാന്‍ അനുവദിക്കില്ലെന്നും ബിജെപി പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ആദ്യം 11 മണിവരെയും പിന്നീട് 12 മണിവരെയും നിര്‍ത്തി. ഉച്ചയ്ക്ക് ശേഷം സഭ സമ്മേളിച്ച് ചര്‍ച്ചകൂടാതെ ചില ബില്ലുകള്‍ പാസാക്കി. പിന്നീട് തെലങ്കാനയ്ക്കു വേണ്ടി 4 മണിക്ക് പ്രത്യേകമായി സഭ സമ്മേളിക്കാന്‍ ഡപ്യൂട്ടി ചെയര്മാന് പ്രൊഫ.പി.ജെ കുര്യന് തീരുമാനിച്ചു. എന്നാല്‍ ഭേദഗതികളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ബിജെപി നിലപാട് കര്‍ക്കശമാക്കിയതോടെ ബില്ലവതരണം മാറ്റിവെയ്ക്കുകയായിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ലോക്സഭയില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച എല്‍.രാജഗോപാല്‍ സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിച്ചതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചിട്ടുണ്ട്. രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്ലിനു വേണ്ടി വെള്ളിയാഴ്ച അവസാനിക്കേണ്ട സഭാസമ്മേളനം നീട്ടുന്നതിനേപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: