ദുബായ്: 2008ലെ ദല്‍ഹി സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഫൈസന്‍ അഹമ്മദ് സുല്‍ത്താന്‍ പിടിയില്‍. ദുബായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് അമിര്‍ റെയ്സ ഖാന്റെ അടുത്ത അനുയായികളില്‍ ഒരാളാണ് ഇദ്ദേഹം.
ദല്‍ഹി സ്ഫോടന കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായവും സുരക്ഷാ കേന്ദ്രവും ഒരുക്കി നല്‍കിയത് ഫൈസനാണ്. പാകിസ്ഥാനിലേക്ക് ഭീകര പരിശീലനങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഇയാളായിരുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമായാണ് ഫൈസനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തതെന്ന് ഇന്ത്യന്‍ റിസേര്‍ച്ച് അനാലിസിസ് വിങ്(റോ) വ്യക്തമാക്കി. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും റോ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബായിലെത്തിയ 55കാരനായ ഫൈസന്‍ ദുബായില്‍ വ്യവസായങ്ങള്‍ നടത്തുകയാണ്. ദുബായില്‍ ഇയാള്‍ നടത്തുന്ന അലക്കു കമ്പനിയായിരുന്നു ഇയാളുടെ ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. ദല്‍ഹി സ്ഫോടനകേസ് പ്രതികള്‍ ഇവിടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: