ന്യൂദല്‍ഹി: വിവര സാങ്കേതിക വിദ്യ കൂടുതല്‍ ഉപയോഗപ്പെടുത്തുമെന്നതും ഇടക്കാല റെയില്‍വേ ബജറ്റിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായി. സ്വയംപ്രവര്‍ത്തിക്കുന്ന ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍, മുന്‍കൂട്ടി റിസര്‍വേഷന്‍ ആവശ്യമില്ലാത്ത മേഖലകളില്‍ മൊബെയില്‍ ഫോണിലൂടെ ടിക്കറ്റ് ബുക്കിങ്, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റിന്റെ പിഎന്‍ആര്‍ സ്റ്റാറ്റസ് മാറുന്നത് എസ്എംഎസ് വഴി അറിയിക്കല്‍, ട്രെയിന്റെ സഞ്ചാര സമയമടക്കമുള്ള വിവരങ്ങള്‍ എസ്എംഎസ് വഴി നല്കല്, പ്രധാന സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രത്യേക മുറികള്‍, തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഭക്ഷണം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കും.
കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. അഞ്ചുവര്‍ഷത്തിനിടെ ഇത്തരത്തിലെ 5400 ലെവല്‍ക്രോസുകളില്‍ 2310ല്‍ ഗാര്‍ഡുകളെ നിയമിച്ചു. 3090 ലെവല്‍ക്രോസുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നു. അഗ്നിബാധ തടയുന്ന സംവിധാനം ആദ്യഘട്ടത്തില്‍ രാജധാനി ട്രയിനുകളില്‍ സജ്ജീകരിക്കും. ട്രയ്നുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ പുതിയ സംവിധാനം ആവിഷ്കരിക്കും.
നടപ്പുവര്‍ഷത്തെ വികസന പദ്ധതികള്‍ മുഴുവന്‍ പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെട്ട റെയില്‍ മന്ത്രി 2013-14 വര്‍ഷം 2,207 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍പ്പാത നിര്‍മിച്ചതായി പറഞ്ഞു. 4,556 കിലോമീറ്റര്‍ പാത വൈദ്യുതീകരിച്ചിട്ടുണ്ട്. 2,758 കിലോമീറ്റര്‍ പാത ഇരട്ടിപ്പിച്ചു. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജമ്മുകശ്മീരിലെ ഖത്രയിലേക്ക് ഉദ്ദംപൂരില്‍ നിന്നും ഉടന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും. 2006 ജനുവരി ഒന്നു മുതലുള്ള കുടിശികയടക്കം ആറാം ശമ്പള കമ്മീഷന് നടപ്പാക്കിയതിലൂടെ ഒരു ലക്ഷം കോടി രൂപ റെയില്‍വേ ചെലവിട്ടു.
പുതിയ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ പ്രഖ്യാപിച്ച ട്രെയിനുകള്‍ പാളത്തിലെത്തിക്കേണ്ട ബാധ്യത റെയില്‍മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്കും കേന്ദ്രസര്ക്കാരിനുമില്ലെന്നു വ്യക്തമാക്കുന്നതാണ് ഇടക്കാല റെയില്‍ ബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: