ന്യൂദല്‍ഹി: തെലങ്കാനാ സംസ്ഥാന രൂപീകരണത്തിന് യുപിഎ സര്‍ക്കാരിനു താല്പര്യമില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി.
പാര്‍ലമെന്റിന്റെ സമ്മേളനകാലം അവസാനിക്കാന്‍ വെറും ആറു ദിവസം ശേഷിക്കെ ഏതു സഭയില്‍ ബില്‍ അവതരിപ്പിക്കണമെന്ന കാര്യത്തില്‍ പോലും സര്‍ക്കാരിനു വ്യക്തതയില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ബില്‍ എത്രയും വേഗം സഭയില്‍ അവതരിപ്പിക്കണമെന്നും ബിജെപി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പ്രകാരം ബില്ലിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും ജെയ്റ്റ്ലി ആവര്‍ത്തിച്ചു.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്നു സംസ്ഥാനങ്ങള്‍ സുഗമമായും സമാധാനപൂര്വകമായും രൂപീകരിച്ചകാര്യം ചൂണ്ടിക്കാട്ടി ജെയ്റ്റ്ലി വിഷയം ഇങ്ങനെ വിശകലനം ചെയ്തു. ഒരു ദശകമായി തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടമാണ്. 2004 മുതല്‍ അവര്‍ തെലങ്കാന രൂപീകരണം വാഗ്ദാനം ചെയ്തു. 2009 ഡിസംബര്‍ വരെ കാക്കേണ്ടി വന്നു ചിദംബരത്തിന്റെ തെലങ്കാന രൂപീകരണത്തിന് തത്വത്തില്‍ തീരുമാനിച്ചു എന്ന പ്രഖ്യാപനം വരാന്‍. പിന്നീട് സര്‍ക്കാര്‍ പിന്തിരിയുകയും ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മറ്റിയെ ഇതുസംബന്ധിച്ച പഠനത്തിന് നിയോഗിക്കകയും ചെയ്തു. കമ്മറ്റി എങ്ങും എത്തിയില്ല, ജെയ്റ്റ്ലി വിശദീകരിച്ചു.
വീണ്ടും 2013 ല്‍ യുപിഎ തത്വത്തില്‍ തെലങ്കാന രൂപീകരണത്തിന് തീരുമാനിച്ചു. പിന്നീട് മന്ത്രിസഭ അതംഗീകരിച്ചു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനനുകൂലമായ ഒരു നടപടി എടുക്കാന്‍ പറ്റിയ സ്ഥിതിയിലല്ല. തെലങ്കാന രൂപീകരണത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന കാര്യം ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സീമാന്ധ്ര പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും കണക്കിലെടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുള്ളതാണ്.
എന്‍ഡിഎ സര്‍ക്കാര്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ സുഗമമായും സമാധാന പൂര്വകമായും രൂപീകരിച്ചു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ തെലങ്കാന രൂപീകരണക്കാര്യത്തില്‍ കാണിക്കുന്നത് അഴകൊഴമ്പന്‍ നയമാണ്. ഇനി ശേഷിക്കുന്നത് പാര്‍ലമെന്റിന്റെ എട്ടു സമ്മേളന ദിവസം മാത്രമാണ്. അതില്‍ രണ്ടു ദിവസം സ്വകാര്യ ബില്ലുകളുടെ വെള്ളിയാഴ്ചകളാണ്. അതായത് നിയമനിര്‍മാണത്തിനായി ആറു ദിവസം മാത്രം. ആന്ധ്രപ്രദേശ് (റീ ഓര്ഗനൈസേഷന്)ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുപോലുമില്ല. അവസാന നിമിഷത്തിലും പാര്‍ലമെന്റിന്റെ ഏതു സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല, ജെയ്റ്റ്ലി പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ നിയമപരമായോ, ഭരണഘടനാപരമായോ തെലങ്കാന രൂപീകരണത്തില്‍ ശരിയായ പാതയിലാണോ പോകുന്നതെന്ന കാര്യത്തിലും സംശയമുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു. അവര്‍ ഈ വിഷയം നീട്ടിക്കൊണ്ടുപോകാനാണുദ്ദേശിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ ഉദ്ദേശ്യം ഈ പാര്‍ലമെന്റ് സമ്മേളനത്തിലും യുപിഎ ഭരണത്തിലും തെലങ്കാനാ രൂപീകരണം നടപ്പിലാക്കാതിരിക്കലാണെന്ന് വേണ്ടേ കരുതാനെന്ന് ബിജെപി നേതാവ് പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ അടിയന്തരമായ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആന്ധ്രപ്രദേശ് (റീ ഓര്ഗനൈസേഷന്) ബില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട ജെയ്റ്റ്ലി ഇരുപ്രദേശങ്ങളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ബില്‍ പാസ്സാക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു പറഞ്ഞു. അങ്ങനെയാണെങ്കില്‍ ബില്ലിനെ പിന്തുണക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: