ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ സാദ്ധ്യത മുന്നില്‍ക്കണ്ട് രാജ്യസഭയിലേക്ക് കയറിക്കൂടുന്നതിനുള്ള നേതാക്കളുടെ ശ്രമം കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഒഴിവു വന്ന രാജ്യസഭാ സീറ്റുകളില്‍ കയറിപ്പറ്റുന്നതിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള പാര്‍ട്ടിയുടെ ആത്മവിശ്വാസത്തെ തകര്‍ത്തിരിക്കുന്നത്. ചില നേതാക്കള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചത് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്ഗാന്ധിയിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസക്കുറവിനെയാണ് വ്യക്തമാക്കുന്നത്.
മധ്യപ്രദേശിലെ വേരുകള്‍ നഷ്ടമായ ദിഗ്വിജയ് സിങ് മധ്യപ്രദേശില്‍ നിന്നുതന്നെ രാജ്യസഭയിലേക്ക് കയറിക്കൂടിയതില്‍ വലിയ അതൃപ്തിയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലുടലെടുത്തിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ യാതൊരു പ്രവര്‍ത്തനവും നടത്താതിരുന്ന മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ് സിങ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പോലും തയ്യാറാവാതെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് തട്ടിയെടുത്ത അതൃപ്തിയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഹരിയാനയിലെ അംബാലയില്‍ നിന്നും ലോക്സഭയിലെത്തിയ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയും ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ നില്‍ക്കാതെ രാജ്യസഭാ സീറ്റ് നേടി പാര്‍ലമെന്റിലേക്ക് വീണ്ടുമെത്തി. കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറയും സുരക്ഷിതമായി രാജ്യസഭയിലെത്തിയിട്ടുണ്ട്. മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദനന് മിസ്ത്രിയും ഗുജറാത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ നില്‍ക്കാതെ രാജ്യസഭയിലേക്ക് കടന്നുകൂടിയവരുടെ പട്ടികയിലുണ്ട്.
ലോക്സഭയിലേക്ക് മത്സരിക്കാന്‍ നില്‍ക്കാതെ രാജ്യസഭയിലൂടെ പാര്ലമെന്റിലെത്തുന്നതിനു കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കന്മാര് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് യാതൊരു ആത്മവിശ്വാസവുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ചിലര്‍ പാര്‍ട്ടി ചുമതലയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തുന്നതും മത്സര രംഗത്തോടുള്ള ഭയമാണെന്ന് വ്യക്തം. കഴിഞ്ഞ ജനുവരിയില്‍ ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാര്, മറ്റു ഔദ്യോഗിക ഭാരവാഹികള്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് മത്സര രംഗത്തു നിന്നും മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ മറയാക്കി കോണ്‍ഗ്രസ് നേതാക്കന്മാര് തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്നും ഒളിച്ചോടുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. നിലവില്‍ രാജ്യസഭയിലേക്ക് കടന്നുകൂടിയവര്‍ക്കു പുറമേ കൂടുതല്‍ പേര് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകള്‍ക്കായി ശ്രമങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. കൂടുതല്‍ ജനപിന്തുണയുള്ള നേതാക്കന്മാര് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് സജ്ജരാവണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശമുള്ളപ്പോഴാണ് മത്സര രംഗത്തു നിന്നും വിട്ടു നിന്നുകൊണ്ട് സുരക്ഷിതമാര്‍ഗ്ഗങ്ങള്‍ തേടി കോണ്‍ഗ്രസ് നേതൃത്വം പായുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: