ന്യൂദല്‍ഹി: വിവാദമായ അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാഗാന്ധിയുടെ വിശ്വസ്തര്‍ക്കെല്ലാം പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്തായത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. ബോഫോഴ്സിനു തുല്യമായ കേസാണ് അഗസ്ത വെസ്റ്റ്ലാന്റെന്നും വിഷയം പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും ബിജെപി വ്യക്തമാക്കിയതോടെ വിവാദ ഇടപാട് വീണ്ടും ദേശീയ രാഷ്‌ട്രീയത്തെ ഇളക്കിമറിക്കും.
ഹെലികോപ്റ്റര്‍ ഇടപാടിലെ പ്രധാന ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കല്‍ കേസിന്റെ വിചാരണ നടക്കുന്ന ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിച്ച കത്ത് പുറത്തുവന്നതാണ് ഇടപാടിലെ ഉന്നത കോണ്‍ഗ്രസ്് ബന്ധം കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹെലികോപ്റ്റര്‍ കരാര്‍ നേടിയെടുക്കുന്നതിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി അടുത്ത ബന്ധമുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഇപ്പോഴത്തെ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി, ഓസ്ക്കാര്‍ ഫെര്‍ണ്ണാണ്ടസ്, അഹമ്മദ് പട്ടേല്‍, വീരപ്പ മൊയ്‌ലി, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ നാരായണന്‍, വിനയ് സിങ് എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അഗസ്ത വെസ്റ്റ്ലാന്റിന്റെ ഇന്ത്യയിലെ മേധാവി പീറ്റര്‍ ഹല്ലറ്റിനാണ് ക്രിസ്റ്റ്യന്‍ മൈക്കല്‍ വിവാദ കത്തയച്ചത്.
2008 മാര്‍ച്ചില്‍ അയച്ച കത്തു പുറത്തായതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായിട്ടുണ്ട്. പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും വരെ പേരുകള്‍ കത്തില്‍ വന്നതോടെ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വാദം ശരിവയ്‌ക്കേണ്ട അവസ്ഥയാണ്. മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗിയടക്കം നിരവധി പേര്‍ സിബിഐ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത അഗസ്ത വെസ്റ്റ് ലാന്റ് അഴിമതി കേസിലെ പ്രതികളാണ്. കേസന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് നീളുന്ന അവസ്ഥയില്‍ വിവാദ ഇടപാട് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ രക്ഷതേടുകയായിരുന്നു.
എന്നാല്‍ ബോഫോഴ്സിനു സമാനമായ കേസാണിതെന്നും ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടപാടില്‍ വലിയ പങ്കുണ്ടെന്നും ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, യശ്വന്ത് സിന്‍ഹ എന്നിവര്‍ ആരോപിച്ചു.
എസ്. സന്ദീപ്
















