നേപ്പിയര്‍: ഇന്ത്യ- ന്യൂസിലാന്റ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. നേപ്പിയര്‍ വേദിയാകുന്ന കളി രാവിലെ 6.30 മുതല്‍ സോണി സിക്‌സില്‍ തത്സമയം കാണാം. ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കിത് മാനം രക്ഷിക്കാനുള്ള പോരാട്ടമാണ്; കിവികള്‍ക്ക് ധോണിപ്പടയെ ഒന്നാം റാങ്കില്‍ നിന്ന് പുറത്തിറക്കാനുള്ള അവസരവും.
ദക്ഷിണാഫ്രിക്കയിലെ തോല്‍വി ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഉലച്ചിട്ടുണ്ട്. അതില്‍നിന്നു കരകയറി ബ്ലാക് ക്യാപ്‌സിനെ മറിച്ചിടുക ധോണിയെയും സംഘത്തെയും സംബന്ധിച്ച് ശ്രമകരമായ ജോലിയാവും. ബാറ്റിങ് ലൈനപ്പിലെ യുവതുര്‍ക്കികള്‍ വിദേശ പിച്ചില്‍ കളിക്കാന്‍ ഇനിയുമേറെ പഠിക്കേണ്ടതുണ്ടെന്ന വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ആ വിമര്‍ശനശരങ്ങളെ അതിജീവിക്കുകയും ദൗത്യങ്ങളില്‍പ്പെടുന്നു.
സ്വന്തംനാട്ടിലെ അനുകൂല സാഹചര്യങ്ങളില്‍ ന്യൂസിലാന്റ്ഏറെ അപകടകാരികളാവുമെന്നതില്‍ സംശയമില്ല. ജെസി റൈഡറുടെ തിരിച്ചുവരവും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കോറി ആന്‍ഡേഴ്‌സന്റെ മിന്നും ഫോമും ആതിഥേയര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. റോസ് ടെയ്‌ലറും ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും ബൗളര്‍മാരെ അടിച്ചൊതുക്കുന്നതില്‍ ഒട്ടും മോശക്കാരല്ല. നാലു പേസര്‍മാര്‍ കിവി നിരയിലുണ്ടാവും. കെയ്ല്‍ മില്‍സ് പേസ് ആക്രമണം നയിക്കും. ടിം സൗത്തി, മിച്ചല്‍ മക് ക്ലെനാഗന്‍ എന്നിവര്‍ മില്‍സിനു തുണയേകും. യുവ ബൗളര്‍ ആദം മില്‍നെയ്‌ക്കും ടീമില്‍ ഇടം ലഭിച്ചേക്കും.
ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലും വിസ്‌ഫോടന ശേഷിയുള്ളവര്‍ ഏറെയുണ്ട്. വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും കത്തിക്കയറിയാല്‍ ന്യൂസിലാന്റിന് കാര്യങ്ങള്‍ അത്ര സുഖകരമാവില്ല. എന്നാല്‍ കോഹ്‌ലി മാത്രമേ ഫോം പ്രദര്‍ശിപ്പിക്കുന്നുള്ളുവെന്ന പ്രശ്‌നം ഇന്ത്യയെ അലട്ടുന്നു.
നായകന്‍ മഹേന്ദ്ര സിങ് ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ കളി മെച്ചപ്പെടുത്തിയെ മതിയാവു. അമ്പാട്ടി റായിഡുവിനെ പിന്തള്ളി അജിന്‍ക്യ രഹാനെ ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ കയറിപ്പറ്റുമെന്നതാണ് പ്രധാന ടീം ന്യൂസ്. ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി തുടങ്ങിയവര്‍ അതിവേഗ പന്തേറിന് ചുക്കാന്‍ പിടിക്കും. ആര്‍. അശ്വിന്റെ സ്പിന്നിലും ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നു.
















