ബ്രിസ്ബെന്‍: ആഷസ് പരമ്പരയിലെ സമ്പൂര്‍ണ്ണ പരാജയത്തിനും ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിക്കും ശേഷം ഇംഗ്ലണ്ട് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. മെല്‍ബണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ഓപ്പണര്‍ ആരോണ്‍ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഈ മത്സരത്തില്‍ ഓസീസിന് വിജയം സമ്മാനിച്ചത്.
അതേസമയം ഇന്നത്തെ പോരാട്ടത്തിലെങ്കിലും വിജയിക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്‌മയാണ് ഇംഗ്ലണ്ടിനെ കുഴക്കുന്നത്. ഓപ്പണറും ക്യാപ്റ്റനുമായ അലിസ്റ്റര്‍ കുക്കിന് ഇതുവരെയും ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ ഏകദിനത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഗ്യാരി ബല്ലാന്‍സും മോര്‍ഗനും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട ജോ റൂട്ടിന് പകരം കാര്‍ബെറി ഇന്ന് കളിച്ചേക്കും.
അതേസമയം ഓസ്ട്രേലിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ ഇന്ന് കളത്തിലിറങ്ങുമെന്നത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഷെയ്ന്‍ വാട്സണ് പകരം ഷോണ്‍ മാര്‍ഷും ഇന്ന് ഇറങ്ങിയേക്കും. ആദ്യ മത്സരത്തില്‍ വാട്സണ്‍ പൂജ്യത്തിന് പുറത്തായിരുന്നു. അതേസമയം മറ്റൊരു ഓപ്പണറായ ഡേവിഡ് വാര്‍ണറും മധ്യനിരയില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും മികച്ച ഫോമിലാണെന്നത് കംഗാരുക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ആദ്യ മത്സരത്തില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നത്. മിച്ചല്‍ ജോണ്‍സണ്‍ കൂടി ടീമിലെത്തുന്നതോടെ ഓസ്ട്രേലിയന്‍ ബൗളിംഗ് പടയുടെകരുത്ത് കൂടുമെന്ന് തീര്‍ച്ചയാണ്. കഴിഞ്ഞ ആഷസ് പരമ്പരയില്‍ ജോണ്‍സന്റെ മാരക ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തെറിയുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ജോണ്‍സനൊപ്പം ക്ലിന്റ് മക്കായി, കള്‍ട്ടര്‍ നീല്‍, ഫോക്നര്‍ കളത്തിലിറങ്ങും. എന്തായാലും വിജയം തുടരാന്‍ കംഗാരുക്കളും തിരിച്ചടിക്കാന്‍ ഇംഗ്ലണ്ടും ഒരുങ്ങുന്നതോടെ മത്സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
















