2010-ല്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ ഫൈനല്‍ നിയന്ത്രിച്ച് വിവാദനായകനായി മാറിയ ഇംഗ്ലീഷുകാരന്‍ ഹൊവാര്‍ഡ് വെബ്ബ് അടുത്ത ജൂണില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിലും കളി നിയന്ത്രിക്കാനിറങ്ങും. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഹോളണ്ടും സ്പെയിനും തമ്മില്‍ നടന്ന ഫൈനല്‍ പോരാട്ടം ഏറ്റവും മോശപ്പെട്ട രീതിയില്‍ നിയന്ത്രിച്ചാണ് ഹൊവാര്‍ഡ് വെബ്ബ് വിവാദനായകനായി മാറിയത്. ഈ മത്സരത്തില്‍ 14 മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പുകാര്‍ഡും കാണിച്ചാണ് ഹൊവാര്‍ഡ് വെബ്ബ് വിവാദനായകനായത്. 109-ാം മിനിറ്റില്‍ ഡച്ച് പ്രതിരോധനിരയിലെ കരുത്തന്‍ ജോണി ഹെയ്റ്റിംഗക്കെതിരെയാണ് രണ്ട് തവണ മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും വെബ്ബ് പുറത്തെടുത്തത്. പിന്നീട് 116-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റ നേടിയ ഏക ഗോളിനായിരുന്നു സ്പാനിഷ് ചെമ്പട ലോകകിരീടം സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ വെബ്ബിന്റെ കൂടെ അസിസ്റ്റന്റ് റഫറിമാരായിരുന്ന ഇംഗ്ലീഷുകാരായ ഡാരന്‍ കാന്‍, മൈക്കല്‍ മുലര്‍ക്കി എന്നിവരും ഈ വര്‍ഷത്തെ ലോകകപ്പിനുള്ള റഫറി പാനലില്‍ ഇടംപിടിച്ചിട്ടുണ്ട്.
2003 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന 42കാരനായ ഹൊവാര്‍ഡ് വെബ്ബ് ഒരേ വര്‍ഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലും ലോകകപ്പ് ഫൈനലും നിയന്ത്രിച്ച ആദ്യ റഫറിയായിരുന്നു.
















