കൊച്ചി: കരുത്തരെ സമനിലയില്‍ പിടിച്ചുകെട്ടി ഈഗിള്‍സ് എഫ്സിക്ക് ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നല്ല തുടക്കം. ഇന്നലെ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ പൂനെ എഫ്സിയെയാണ് കേരളത്തിന്റെ സ്വന്തം ടീമായ ഈഗിള്‍സ് എഫ്സി 1-1ന് സമനിലയില്‍ തളച്ചത്. കന്നി ഫെഡറേഷന്‍ കപ്പിനിറങ്ങിയ ഈഗിള്‍സിനെ 78-ാം മിനിറ്റില്‍ നൈജീരിയന്‍ താരം സാകിബു കൊകൊ നേടിയ ഗോളില്‍ പൂനെയെ സമനിലയില്‍ തളച്ചു. ആദ്യപകുതിയില്‍ ഈഗിള്‍സും രണ്ടാം പകുതിയില്‍ പൂനെയുമാണ് മേധാവിത്വം പുലര്‍ത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ഡച്ച് താരം ഋഗ മുസ്തഫയിലൂടെ പൂനെ ലീഡ് നേടി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
പൂനെയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ ഈഗിള്‍സിന് കോര്‍ണര്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ഈഗിള്‍സിന്റെ ആധിപത്യമാണ് കണ്ടത്. സാകിബു കൊകോയും ഒഡിലി ഫെലിക്സ് ചിദിയും അടങ്ങുന്ന ഈഗിള്‍സ് മുന്നേറ്റനിര നിരവധി തവണ എതിര്‍ബോക്സിലേക്ക് കയറിയെങ്കിലും ഗോള്‍മാത്രം വിട്ടുനിന്നു. ഇതിനിടെ പൂനെയുടെ ജെയിംസ് മേയറുടെ ഒരു ലോംഗ്‌റേഞ്ച് ക്രോസ് ബാറിന് മുകളില്‍ കൂടി പറന്നു. 10-ാം മിനിറ്റില്‍ ഐഎംജി റിലയന്‍സില്‍ നിന്നെത്തിയ ഈഗിള്‍സ് ക്യാപ്റ്റന്‍ സുശീല്‍കുമാറിനും അവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ട് മിനിറ്റിനുശേഷം ഗൗരംഗ ബിശ്വാസും അവസരം നഷ്ടമാക്കി.
13-ാം മിനിറ്റില്‍ ഈഗിള്‍സിന്റെ ഗൗരംഗ ബിശ്വാസിനെ ഫൗള്‍ ചെയ്തതിന് പൂനെയുടെ ജെയിംസ് മേയര്‍ക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. 19-ാം മിനിറ്റില്‍ ഈഗിള്‍സിന്റെ സാകിബു ബോക്സിന് പുറത്തുനിന്ന് പായിച്ച ലോംഗ്‌റേഞ്ചര്‍ ആകാശത്തേക്കാണ് പറന്നത്. തൊട്ടുപിന്നാലെ പൂനെയുടെ അരാട്ട ഇസുമിയുടെ ഒരു ശ്രമവും പാഴായി. 27-ാം മിനിറ്റില്‍ ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറി സുഭാസ് സിംഗ് നല്‍കിയ ക്രോസ് ഗോളിലേക്ക് തിരിച്ചുവിടാന്‍ സാകിബുവിന് കഴിഞ്ഞില്ല. 30-ാം മിനിറ്റില്‍ ഈഗിള്‍സിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 43-ാം മിനിറ്റില്‍ ഗൗരംഗ സിംഗിന്റെ ഒരു ആംഗുലര്‍ ഷോട്ട് നേരെ ഗോളിയുടെ കയ്യില്‍ അവസാനിച്ചു. അധികം വൈകാതെ ആദ്യപകുതി അവസാനിച്ചുകൊണ്ടുള്ള റഫറിയുടെ വിസിലും മുഴങ്ങി.
രണ്ടാം പകുതി ആരംഭിച്ചത് പൂനെയുടെ മുന്നേറ്റത്തോടെയാണ്. രണ്ടാം പകുതിയില്‍ അരാട്ട ഇസുമിയെ പിന്‍വലിച്ച് ഗബ്രിയേല്‍ ഫെര്‍ണാണ്ടസിനെ പൂനെ കളത്തിലിറക്കി. 49-ാം മിനിറ്റില്‍ അവര്‍ക്ക് അവസരവും ലഭിച്ചു. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച ഋഗ മുസ്തഫ ആന്റണി ഡിസൂസക്ക് പന്ത് മറിച്ചുകൊടുത്തു. ആന്റണി ഡിസൂസ ഒരു ഈഗില്‍സ് താരത്തെ ഡ്രിബിള്‍ ചെയ്തശേഷം ബോക്സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. അധികം വൈകും മുന്നേ ഈഗിള്‍സിന്റെ എം. നജേഷ് വലതുവിംഗില്‍ക്കൂടി മുന്നേറി ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും ഗുര്‍ജിന്ദര്‍ കുമാര്‍ ഹെഡ്ഡ് ചെയ്ത് അപകടം ഒഴിവാക്കി. 58-ാം മിനിറ്റില്‍ ആന്റണി ഡിസൂസയുടെ ക്രോസ് പൂനെ നായകന്‍ അനസ് നല്ലൊരു ഹെഡ്ഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും ഈഗിള്‍സ് ഗോളി ജഗ്‌രൂപ് സിംഗ് കയ്യിലൊതുക്കി. 60-ാം മിനിറ്റില്‍ പൂനെ ലീഡ് നേടി.
ഡൗഹു പെരേരയും ഒഥല്ലോ താബിയയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ജഗ്‌രൂപ് സിംഗിന്റെ കയ്യില്‍ നിന്ന് ഊര്‍ന്നുവീണത് പിടിച്ചെടുത്ത ഋഗ മുസ്തഫ നല്ലൊരു ഷോട്ടിലൂടെ ഈഗിള്‍സ് വലയിലെത്തിച്ചു. 62-ാം മിനിറ്റില്‍ ഈഗിള്‍സിന് ഫ്രീകിക്ക് ലഭിച്ചു. സാകിബുവിനെ ജെയിംസ് മേയര്‍ ഫൗള്‍ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. ഒഡിലി ഫെലിക്സ് ചിദി എടുത്ത ഫ്രീകിക്ക് മുഴുനീളെ ഡൈവ് ചെയ്ത് പൂനെ ഗോളി അമരീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി.
78-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി ഈഗിള്‍സിന്റെ സമനിലഗോള്‍ പിറന്നു. പന്തുമായി കുതിച്ച് പൂനെ ബോക്സില്‍ പ്രവേശിച്ച സാകിബുവിന്റെ ആദ്യശ്രമം പൂനെ ഗോളി അമരീന്ദര്‍ സിംഗ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് പിടിച്ചെടുത്ത് സാകിബു ഉതിര്‍ത്ത ഷോട്ട് പൂനെ വലയില്‍ കയറി.
പിന്നീട് അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ മാത്രം വിട്ടുനിന്നു.
വിനോദ് ദാമോദരന്‍
















