മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിരക്കാരുടെ മുന്നേറ്റം. പുരുഷവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിന്റെ റാഫേല്‍ നദാല്‍, മുന്‍ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലാന്റിന്റെ റോജര്‍ ഫെഡറര്‍, ബ്രിട്ടന്റെ ആന്‍ഡി മുറെ, വനിതകളില്‍ റഷ്യയുടെ മരിയ ഷറപ്പോവ നിലവിലെ ചാമ്പ്യന്‍ വിക്റ്റോറിയ അസരെങ്ക എന്നിവര്‍ ആദ്യ റൗണ്ടില്‍ വിജയം കണ്ടു.
ഒന്നാംവട്ടത്തില്‍ ഓസ്ട്രേലിയയുടെ ബെര്‍ണാഡ് ടോമിക്ക് പരിക്കേറ്റ് പിന്‍മാറിയത് നദാലിന് കാര്യങ്ങള്‍ എളുപ്പമാക്കി. ആദ്യ സെറ്റ് 6-4ന് നദാല്‍ സ്വന്തമാക്കിയപ്പോഴായിരുന്നു ടോമിക്കിന്റെ കരകയറ്റം. ഫെഡറര്‍ മറ്റൊരു ആതിഥേയ താരം ജയിംസ് ഡക് വര്‍ത്തിനെ 6-4, 6-4, 6-2നു തോല്‍പ്പിച്ചു. മുറെ ജപ്പാന്റെ ഗോ സൊയേഡയെ മറികടന്നു (6-1, 6-1, 6-3).
അതേസമയം, ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മ്മനും ഓസ്ട്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റിനും അടിതെറ്റി. ഷറപ്പോവ അമേരിക്കയുടെ ബെതാനി മറ്റ്ക് സാന്‍ സാന്‍ഡിസിനെ കെട്ടുകെട്ടിച്ചു, സ്കോര്‍:6-3, 6-4. അസരെങ്ക സ്വീഡന്റെ ജൊഹാന ലാര്‍സന് മടക്കടിക്കറ്റ് നല്‍കി (7-6, 6-2).
















