ഓക്ലന്റ്: ന്യൂസിലാന്റിനെ നിസ്സാരരായി കാണില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമടങ്ങുന്ന പരമ്പരയ്‌ക്കായി ന്യൂസിലാന്റില്‍ വിമാനമിറങ്ങിയ ധോണി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 19ന് ഇന്ത്യ- ന്യൂസിലാന്റ് ആദ്യ ഏകദിനം അരങ്ങേറും.
കിവികള്‍ ഒന്നാന്തരം ടീമാണ്. അവര്‍ക്ക് നല്ല ബൗളര്‍മാരുണ്ട്. അവരെ വിലകുറച്ചു കാണുന്നില്ല. കാര്യമായിത്തന്നെയെടുക്കും, ധോണി പറഞ്ഞു. സ്വന്തം നാട്ടിലായതിനാല്‍ മത്സരസാഹചര്യങ്ങളെക്കുറിച്ച് നമ്മളെക്കാള്‍ ന്യൂസിലാന്റിന് ധാരണയുണ്ട്. ആദ്യമായി കിവികളുടെ മണ്ണില്‍ കളിക്കുന്നവര്‍ക്ക് സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തും. ബൗളര്‍മാര്‍ തല്ലുകൊള്ളുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികം. പക്ഷേ, ഇന്ത്യന്‍ ബൗളര്‍മാര്‍ മെച്ചപ്പെട്ടതായി സമീപകാല ചരിത്രം പരിശോധിച്ചാല്‍ മനസിലാവും. പ്രത്യേകിച്ച് അവസാന ഓവറുകളില്‍, ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു.
















