മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ ദിനം സമ്മിശ്ര ഫലങ്ങള്‍. വമ്പന്‍മാരില്‍ മിക്കവരും മുന്നേറിയപ്പോള്‍ വമ്പത്തികളില്‍ ചിലര്‍ക്ക് കാലിടറി. പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് അനായാസ ജയത്തോടെ ആദ്യ കടമ്പ കടന്നു. വനിതകളിലെ ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസും അടുത്ത റൗണ്ടിലെത്തി.
സ്ലോവാക്യയുടെ ലൂക്കാസ് ലാക്കോയെയാണ് ഡോക്കോവിച്ച് ആദ്യ വട്ടത്തില്‍ കെട്ടുകെട്ടിച്ചത്, സ്കോര്‍: 6-3, 7-6, 6-1. രണ്ടാം സെറ്റില്‍ മാത്രമേ ലാക്കോയ്‌ക്ക് ചെറുത്തു നില്‍പ്പിനു സാധിച്ചുള്ളു. സെറീന ആതിഥേയ താരം ആഷ്ലി ബാര്‍ട്ടിയെ 6-2, 6-1ന് തുരത്തി. പുരുഷന്‍മാരില്‍ കൊളംബിയയുടെ അലക്ജാന്ദ്രൊ ഗോണ്‍സാല്‍വസിനെ തോല്‍പ്പിച്ച സ്പെയിന്റെ ഡേവിഡ് ഫെററും (6-3, 6-4, 6-4) മുന്നേറി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച്, ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്കറ്റ്, റഷ്യയുടെ മിഖായേല്‍ യൂഷ്ണി, സ്വിറ്റ്സര്‍ലാന്റിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവരും വിജയം കണ്ടു. അതേസമയം, സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദാത്തീസ് ഉസ്ബെക്കിസ്ഥാന്റെ ഡെന്നിസ് ഇസ്തോമിനോട് തോറ്റു പുറത്തായി (6-4, 7-5, 6-4).
വനിതകളില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ വീനസ് വില്യംസ്, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, ഇറ്റലിയുടെ സാറാ എറാനി തുടങ്ങിയവര്‍ ഇടറിവീണു. റഷ്യയുടെ എകാതറീന മക്കറോവയാണ് വീനസിന്റെ വഴിമുടക്കിയത് (6-2, 4-6, 6-4).
ക്വിറ്റോവയെ തായ്‌ലാന്റിന്റെ ലുക്സിവ കുംഖുമും (6-2, 1-6, 6-4) എറാനിയെ ജര്‍മ്മനിയുടെ ജൂലിയ ജോര്‍ജിയസും തോല്‍പ്പിച്ചു (6-3, 6-2).
ചൈനയുടെ ന ലി, ജി ഷെങ്ങ്, ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍, ജര്‍മ്മനിയുടെ സബീന്‍ ലിസിക്കി, സ്ലൊവാക്യയുട ഡാനിയേല ഹച്ച്കോവ, ജര്‍മ്മനിയുടെ എയ്ഞ്ചലിക് കെര്‍ബര്‍, സെര്‍ബിയയുടെ അന്നാ ഇവാനോവിക് എന്നിവരും ആദ്യ പരീക്ഷണത്തെ അതിജീവിച്ചവരുടെ കൂട്ടത്തിലുണ്ട്.
















