മരട്: ദേശീയപാതയോരത്തെ മാര്‍ബിള്‍ സ്ഥാപനങ്ങളില്‍ നിന്നും രൂക്ഷമായ പൊടിശല്യത്തിനെതിരെ പ്രദേശവാസികള്‍ പരാതി നല്‍കി. വിജയനഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണബോര്‍ഡിലാണ് പരാതി നല്‍കിയത്. മാര്‍ബിള്‍ കട്ടിംഗ്, ഗ്രൈന്‍ഡിംഗ് തുടങ്ങിയവ മൂലം പ്രദേശത്തെ വീടുകളില്‍ പറന്നെത്തുന്ന പൊടി ഭക്ഷണത്തില്‍ കലരുകയും ഇത് പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമായതായും പറയുന്നു.
പരാതിയെത്തുടര്‍ന്ന് സ്ഥാപനത്തില്‍ വില്‍പ്പന മാത്രം നടത്തുവാനും കട്ടിംഗും ഗ്രൈന്‍ഡിംഗും നിര്‍ത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട മലിനീകരണ നിയന്ത്രണബോര്‍ഡ് സ്ഥാപന ഉടമയ്‌ക്കും മരട് നഗരസഭയ്‌ക്കും നോട്ടീസ് നല്‍കി. എന്നാല്‍ ബോര്‍ഡിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്ഥാപന ഉടമ പറഞ്ഞു.
















