ദുബായ്: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ പാക്കിസ്ഥാന് മൂന്ന് വിക്കറ്റ് വിജയം. ആദ്യംബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 19.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന് മുന്നിലെത്തി. 20 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം പുറത്താകാതെ 39 റണ്‍സെടുത്ത ഷാഹിദ് അഫ്രീദിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്. അഫ്രീദിക്ക് പുറമെ ഷര്‍ജീല്‍ഖാന്‍ 34ഉം ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് 32ഉം റണ്‍സെടുത്തു. ശ്രീലങ്കക്ക് വേണ്ടി മലിംഗ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആഞ്ചലോ മാത്യൂസിന്റെയും (50) തിരിമന്നെയുടെയും (23 നോട്ടൗട്ട്) ചണ്ടിമലിന്റെയും (22), സംഗക്കാരയുടെയും (21) മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 145 റണ്‍സ് അടിച്ചുകൂട്ടിയത്. പാക്കിസ്ഥാന് വേണ്ടി സൊഹൈല്‍ തന്‍വീറും സയീദ് അജ്മലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. രണ്ടാം ട്വന്റി 20 മത്സരം ഇന്ന് നടക്കും.
















