ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപെട്ടു. ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുണ്ടാകാമായിരുന്ന കൂട്ടിയിടി കഷ്ടിച്ച് ഒഴിവായതോടെ തലനാരിഴയ്‌ക്കാണ് രാഹുല്‍ രക്ഷപെട്ടത് .
ലാന്‍ഡിങിന് അനുമതി കിട്ടിയതിനെ തുടര്‍ന്ന് രാഹുലിന്റെ സ്വകാര്യ ജറ്റ് വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു .ഈ സമയം വ്യോമസേനയുടെ ല്യൂഷിന്‍ വിമാനം ഇതേ റണ്‍വേയിലുണ്ടായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞിട്ടും ടേക് ഓഫ് ചെയ്യാന്‍ വ്യോമസേന വിമാനം വൈകിയതാണ് വലിയൊരു അപകടത്തിന്റെ വക്കില്‍ കാര്യങ്ങളെത്തിച്ചത് .
റണ്‍വേയില്‍ നിന്നു വ്യോമസേനയുടെ വിമാനം ടേക് ഓഫ് ചെയ്തില്ലെന്ന് അവസാന നിമിഷമാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മനസിലാക്കിയത് . അപ്പോള്‍ത്തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രാഹുലിന്റെ പൈലറ്റിന് ലാന്‍ഡിങ് ഒഴിവാക്കി പറക്കാന്‍ നിര്‍ദേശം നല്‍കി .
വ്യോമസേന വിമാനം അനുവദിച്ച സമയം കഴിഞ്ഞും റണ്‍വേയില്‍ കിടന്നതും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതു ശ്രദ്ധിക്കാതിരുന്നതും ഗുരുതരമായ വീഴ്ചയായി . സംഭവത്തെ കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്റ്റര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു .
















