ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബി.ജെ.പി നേതാവ് ഹര്‍ഷ വര്‍ദ്ധനെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചു. ഹര്‍ഷ വര്‍ദ്ധനെ ഇന്നലെ ഫോണില്‍ വിളിച്ചാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ലെഫ്.ഗവര്‍ണര്‍ ക്ഷണിച്ചത്. ചര്‍ച്ചയ്‌ക്കായി ഇന്ന് അദ്ദേഹത്തെ വന്ന് കാണണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ഭൂരിപക്ഷത്തിനുവേണ്ട പിന്തുണ തങ്ങള്‍ക്കില്ലെന്ന് ബിജെപി ഗവര്‍ണറെ അറിയിക്കുമെന്നാണ് വിവരം. എഴുപതംഗ നിയമസഭയില്‍ 31 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിരോമണി അകാലിദളിന്റെ ഒരു സീറ്റും പാര്‍ട്ടിക്ക് ലഭിക്കും.28 സീറ്റുമായി ചരിത്ര വിജയം സ്വന്തമാക്കിയ ആം ആദ്മിയാണ് രണ്ടാം സ്ഥാനത്ത്.
കോണ്‍ഗ്രസിന് എട്ട് സീറ്റില്‍ മാത്രമേ വിജയിക്കാനായൂള്ളൂ. ഇതേസമയം ഇന്ന് നടക്കുന്ന രമണ്‍ സിംഗിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഛത്തീസ്ഗഡില്‍ എത്തിയ ഹര്‍ഷവര്‍ധന്‍ ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം ഗവര്‍ണറെ കാണുമെന്ന് അറിയിച്ചു. ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറായില്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടിയെയും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചേക്കും. ആം ആദ്മിയും തയ്യാറായില്ലെങ്കില്‍ മാത്രമേ രാഷ്‌ട്രപതിഭരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കൂ. രാഷ്‌ട്രപതി തീരുമാനം അംഗീകരിച്ചാല്‍ ദല്‍ഹിയിലെ ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കും.
രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ ആറ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അങ്ങനെയെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചാകാനാണ് സാധ്യത.
അതേസമയം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെന്ന് ആവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രവര്‍ത്തകരോട് ആഹ്വാനംചെയ്തു.
















