ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പ് ഘട്ടങ്ങളിലെ അവസാന പോരാട്ടങ്ങള്‍ ഇന്ന് അരങ്ങേറും. ഗ്രൂപ്പ് ഇ മുതല്‍ എച്ച്വരെയുള്ള ടീമുകളാണ് ഇന്ന് തങ്ങളുടെ അവസാന പോരാട്ടങ്ങള്‍ക്ക് ഇറങ്ങുന്നത്. ഈ ഗ്രൂപ്പുകളില്‍ നിന്ന് അത്ലറ്റികോ മാഡ്രിഡും ചെല്‍സിയും ബാഴ്സലോണയും നേരത്തെ തന്നെ പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. പ്രീമിയര്‍ ലീഗ് കരുത്തരായ ആഴ്സണലും ഏറെക്കുറെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളില്‍ നിന്ന് യോഗ്യത നേടുന്ന രണ്ടാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ആവേശകരമായ പോരാട്ടമാണ് ഇന്ന് നടക്കുക.
ഗ്രൂപ്പ് ഇയില്‍ യോഗ്യത ഉറപ്പാക്കിയ ചെല്‍സിക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാവാനുള്ള പോരാട്ടമാണ് ഇന്നത്തേത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന പോരാട്ടത്തില്‍ യോഗ്യത നേടാതെ നേരത്തെ തന്നെ പുറത്തായ സ്റ്റീവ ബുക്കാറസ്റ്റാണ് ചെല്‍സിയെ നേരിടുന്നത്. രണ്ടാം പോരാട്ടത്തില്‍ എഫ്സി ബാസല്‍ ഷാല്‍ക്കെയുമായി ഏറ്റുമുട്ടും. ഒരു സമനില മാത്രം മതി ബാസലിന് അവസാന 16-ല്‍ ഇടംപിടിക്കാന്‍. അതേസമയം ഷാല്‍ക്കെക്ക് ഇന്ന് സ്വന്തം തട്ടകത്തില്‍ ബാസലിനെ കീഴടക്കിയാലേ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കാന്‍ കഴിയു. ഗ്രൂപ്പ്ഇയില് 9 പോയിന്റുമായി ചെല്‍സിയാണ് ഒന്നാമത്. ബാസലിന് 8 പോയിന്റും ഷാല്‍ക്കെക്ക് 7 പോയിന്റുമാണുള്ളത്. ചെല്‍സി-സ്റ്റീവ് ബുക്കാറസ്റ്റ് മത്സരം സമനിലയിലും ബാസല്‍ ഷാല്‍ക്കെയെ കീഴടക്കുകയും ചെയ്താല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാവുക ബാസലായിരിക്കും.
ഗ്രൂപ്പ് എഫില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ആഴ്സണലിന് സീരി എ ടീമായ നപ്പോളിയാണ് എതിരാളികള്‍. ചുരുങ്ങിയത് ആറ് ഗോളുകള്‍ക്കെങ്കിലും ആഴ്സണലിനെ കീഴടക്കിയാലേ നപ്പോളിക്ക് യോഗ്യതനേടാന്‍ കഴിയുകയുള്ളൂ. നിലവിലെ ആഴ്സണലിന്റെ ഫോം വെച്ചുനോക്കുമ്പോള്‍ അതിനുള്ള സാധ്യത വിദൂരമാണ്. രണ്ടാമത്തെ മത്സരത്തില്‍ 9 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മാഴ്സെലെയുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ഒരു സമനില മാത്രം മതി നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയക്ക് പ്രീ-ക്വാര്‍ട്ടറില്‍ സ്ഥാനം സ്വന്തമാക്കാന്‍.
ഗ്രൂപ്പ് എച്ചില് 13 പോയിന്റുമായി നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ച അത്ലറ്റികോ മാഡ്രിഡിന് എതിരാളികള്‍ എഫ്സി പോര്‍ട്ടോയാണ്. രണ്ടാം മത്സരത്തില്‍ സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗ് എവേ മത്സരത്തില്‍ ആസ്ട്രിയ വിയന്നയുമായും ഏറ്റുമുട്ടും. പോര്‍ട്ടോക്കും സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗിനും ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്. ആസ്ട്രിയ വിയന്നയെ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് പരാജയപ്പെടുത്തിയാല്‍ അത്ലറ്റികോ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ഈ മത്സരം സമനിലയില്‍ കലാശിക്കുകയും എഫ്സി പോര്‍ട്ടോ അത്ലറ്റികോയെ അട്ടിമറിക്കുകയും ചെയ്താല്‍ പോട്ടോ അവസാന 16-ല്‍ ഇടംപിടിക്കും.
ഗ്രൂപ്പ് എച്ചില് സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ അഭാവത്തില്‍ ഇറങ്ങുന്ന ബാഴ്സലോണക്ക് നേരത്തെ തന്നെ പുറത്തായ സെല്‍റ്റിക്കാണ് എതിരാളികള്‍. എന്നാല്‍ രണ്ടാം മത്സരത്തില്‍ എസി മിലാനും അയാക്സും തമ്മിലാണ് ഏറ്റുമുട്ടല്‍. ഈ മത്സരത്തില്‍ ആരുജയിച്ചാലും അവരായിരിക്കും ബാഴ്സക്കൊപ്പം നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുക. മറിച്ച് സമനിലയില്‍ കലാശിച്ചാല്‍ അയാക്സിനെ പിന്തള്ളി എസി മിലാന് അവസാന 16-ല്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: