1984 ഒക്ടോബര്‍ 31: ആ പഴയ ചിത്രം ഓര്‍മവന്നു-പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭൗതിക ദേഹം സംസ്കരിച്ചപ്പോള്‍ ചിതക്ക് തീ കൊളുത്തുന്ന മകന് രാജീവ് ഗാന്ധിയും പകച്ചു നില്ക്കുന്ന കൊച്ചുമക്കള്‍ പ്രിയങ്കയും രാഹുലും. അമ്പരപ്പ്, അനിശ്ചിതത്വം, ഉള്‍ഭയം. ഒരു കുടുംബത്തിന്റെ ഇളകിയ അടിത്തറയോട് അനുതാപമുണ്ടാക്കുന്ന ചിത്രമായിരുന്നു അത്. പെറ്റമ്മയോടും മുത്തശ്ശിയോടുമൊക്കെയുള്ള അഗാധമായ അടുപ്പവും സ്നേഹവുമൊക്കെ ആ ചിത്രത്തോടുള്ള ആരുടേയും ആത്മാര്‍ത്ഥത കൂട്ടി. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം മാറുന്നുവെന്നും പ്രധാനമന്ത്രി വധിക്കപ്പെടുകയെന്ന ദുരന്തം ഭാവിക്കു ഭീഷണിയാണെന്നും മറ്റുമുള്ള തിരിച്ചറിവ് എങ്ങനെയൊക്കെയോ ജനവികാരത്തെ ബാധിച്ചു. അത് ആ കുടുംബത്തോടുള്ള സഹതാപമായി മാറി. അതിനൊരു രാഷ്ട്രീയ പരിണാമവും ഉണ്ടായി.
2013 ഡിസംബര്‍ എട്ട്: ന്യൂദല്‍ഹിയില്‍ തണുപ്പുവീണ സായാഹ്നത്തില്‍ തണുത്തു വിറച്ച ആവേശവും ക്ഷീണിച്ചുവശായ മനസ്സുമായി ഒരു അമ്മയും മകനും ആധുനിക മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മകന് രാഹുലും മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നത് പാര്‍ട്ടി അണികളെ ആവേശം കൊള്ളിക്കാനായിരുന്നു. പക്ഷേ ഒരു മരണാനന്തര അനുശോചനത്തിലെന്ന പോലെയായിരുന്നു ഇരുവരുടേയും ശരീരഭാഷ. അത് പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വന്തകര്ച്ചയിലുള്ള ഖിന്നതയായിരുന്നോ? മഹാത്മാഗാന്ധിയും ഒരു പരിധിവരെ നെഹ്റുവും ആവേശം കൊണ്ടിരുന്ന, രാജ്യത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുക എന്ന കര്‍ത്തവ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതൃത്വവും പരാജയപ്പെട്ടതിലുള്ള കുറ്റബോധമായിരുന്നോ? ഒരിക്കലുമല്ല.
മറിച്ച് കുടുംബത്തില്‍നിന്ന് കടിഞ്ഞാണ്‍ മാത്രമല്ല പിടിവള്ളിയും നഷ്ടമാകുന്നതിന്റെ ഉള്‍ഭയമായിരുന്നു. സ്വന്തം ചെയ്തികളുടെ ഫലമാണ് ഈ കൊടും പതനമെന്നതിനാല് ഒരുതരത്തിലും ആ ദയനീയസ്ഥിതി പൊതുജന വികാരത്തെ ബാധിക്കുന്നതായില്ല; എന്നല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോലും സഹതാപം നേടിയില്ല. അവരെ ധൈര്യപ്പെടുത്തിയുമില്ല. ആകെത്തകര്‍ന്നുപോയ ഒരു നേതൃത്വത്തെയാണ് സ്വയം അവതരിപ്പിക്കാന്‍ ഇരുവര്‍ക്കുമായത്. ധൈര്യം കാണിക്കാന്‍, ധൈര്യം പകരാന്‍, പോരാട്ട വീര്യം പ്രകടിപ്പിക്കാനായിരുന്നു ആ പുറപ്പാടെങ്കിലും ഊരുഭംഗം വന്ന ദുര്യോധനനോട് തോന്നുന്നത്ര സഹതാപം പോലും ആരിലും ഉണ്ടാക്കിയില്ല എന്നതാണ് വാസ്തവം.
ആത്മപരിശോധന, തിരുത്തല്‍, മുന്നേറ്റം അതാണ് രോഗത്തിന് പ്രതിവിധിയായി കോണ്‍ഗ്രസിന്റെ യുവഡോക്ടര്‍ രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും അടിസ്ഥാനപരമായ പ്രശ്നം-രോഗം കണ്ടെത്തലില്‍ പരാജയപ്പെടുകയാണെന്നര്ത്ഥം. തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലെ ഫലം വരുമ്പോള്‍ തിരിച്ചറിയേണ്ടത് കോണ്‍ഗ്രസിന് സംഭവിച്ച നഷ്ടമാണ്. 589 നിയമസഭാ സീറ്റുകളില്‍ 405 സീറ്റ് ബിജെപി നേടി. അതായത് 69 ശതമാനം ഈ പ്രദേശങ്ങളിലെ 72 ലോക്സഭാ സീറ്റുകളില്‍ 65 എണ്ണത്തില്‍ ബിജെപിയാണ് മുന്നില്‍. അതായത് അടുത്ത അഞ്ചുവര്‍ഷത്തിനിടെ ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള രാജ്യസഭാംഗങ്ങളുടെ ഒഴിവും നികത്താന്‍ പോകുന്നത് ബിജെപി അംഗങ്ങളെക്കൊണ്ടായിരിക്കും എന്നര്‍ത്ഥം. അതായത് ഇതു നിയമസഭാ തെരഞ്ഞെടുപ്പു ഫലമല്ലെ, അത് വെറും സംസ്ഥാന വിഷയം എന്ന് സമാധാനിക്കുന്ന കോണ്‍ഗ്രസിന് കണക്കുകൂട്ടലുകള്‍ തെറ്റുന്നുവെന്നര്ത്ഥം.
പക്ഷേ, കോണ്‍ഗ്രസ് ശരിയായ പരിശോധന നടത്തിയാല്‍ ഒട്ടേറെ തിരുത്തലുകള്‍ക്ക് സാധ്യത ഇല്ലാതില്ല. രാജസ്ഥാനിലെ സംഘടനാ പോരായ്മകളും അശോക് ഗെഹ്ലോട്ടിന്റെ ഒറ്റയാള്‍ പോരാട്ടം എന്ന പരിമിതിയും അതിജീവിച്ചിരുന്നെങ്കില്‍ പാര്‍ട്ടിക്ക് കുറച്ചൊക്കെ നേട്ടമുണ്ടാക്കായിരുന്നു- പക്ഷേ അത് അത്ര എളുപ്പമല്ല. മധ്യപ്രദേശില്‍ പല നേതാക്കള്‍ക്കു പകരം ഒരു നേതാവെന്ന തെരഞ്ഞെടുപ്പ് നടത്തിയാല്‍ അവിടേയും പിടിച്ചു നില്ക്കാമായിരുന്നു- പക്ഷേ നേതൃബാഹുല്യത്തിലെ കൂട്ടയടിയില്‍ അത് നടക്കാനേ പോകുന്നില്ല. ഛത്തീസ്ഗഢില്‍ ജനവികാരം അറിയുന്ന നേതാവിനെ മുന്നില്‍ നിര്‍ത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ നേട്ടമുണ്ടായേനെ- പക്ഷേ അജിത് ജോഗിയെപ്പോലെ സ്വകാര്യ അജണ്ടയുള്ളവരേയും അന്യരാജ്യത്തിന്റെ കളിപ്പാവയുമാകുന്നവരെയേ ഹൈക്കമാണ്ട് തുണയ്ക്കൂ, രഹസ്യമായും പരസ്യമായും. ദല്‍ഹിയില്‍ പാര്‍ട്ടി നേതാക്കളുടെ ഒളിഅജണ്ടകള്‍ സംസ്ഥാന നേതാക്കള്‍ക്കും ദേശീയ നേതാക്കള്‍ക്കും പരസ്പ്പരം അറിയാമെന്ന പ്രശ്നവുമുണ്ട്. അതായത് കോണ്‍ഗ്രസ് നന്നാവുക എന്നത് ആത്മപരിശോധന കൊണ്ടുമാത്രം സാധ്യമല്ല. മാത്രമല്ല, രാഹുല്‍ ഗാന്ധിയെന്ന വൈസ് പ്രസിഡന്റിനും സോണിയ എന്ന പ്രസിഡന്റിനും ആത്മാര്‍ത്ഥമായ ആത്മപരിശോധനക്ക് ശേഷിയില്ല.
അവര്‍ക്കിപ്പോള്‍ ഉണ്ടായിരിക്കുന്ന ഉലച്ചില്‍ പാര്‍ട്ടിയുടെ തോല്‍വിയിലും കോണ്‍ഗ്രസ്ഭരണം പോയതുകൊണ്ടു മാത്രമല്ല. മറിച്ച് നിര്‍ണായക ഘട്ടത്തില്‍ അവരുടെ കുടുംബ ഭരണത്തിന്റെ അടിത്തറക്കല്ലുകള്‍ ഇളകുന്നത് അറിഞ്ഞിട്ടാണ്.
വിചിത്രമാണ് പല തെരഞ്ഞെടുപ്പു ഫല വിലയിരുത്തലുകളും. പൊതുസമ്മേളനത്തില്‍ ആളുകൂട്ടാന്‍ പോലും കഴിയാഞ്ഞ രാഹുല്‍ ഗാന്ധിയുടെ സ്വാധീനമാണ് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനെ സഹായിച്ചത് എന്നുപറയുന്ന കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും നരേന്ദ്രമോദിയുടെ സ്വാധീനവും പ്രഭാവവും എങ്ങും ഉണ്ടായില്ലെന്ന് വാദിക്കുന്നു. ടെലിവിഷന്‍ ചാനലുകളിലെ വാര്‍ത്താവതാരകര്‍ വാശിയോടെ മോദി തരംഗം ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അവര്‍ തെരഞ്ഞെടുക്കുന്ന രാഷ്ട്രീയ അവലോകനക്കാര്‍ അത് ഏറ്റുപറയാന്‍ നിര്‍ബന്ധിതരാകുന്നു. ന്യൂദല്‍ഹിയില്‍ നിന്ന് ടിവികളില്‍ പ്രത്യക്ഷപ്പെട്ട ബുദ്ധിജീവി പത്രപ്രവര്‍ത്തകരില്‍ ചിലര്‍ സ്വയം നഗ്നരാകുന്ന അവസ്ഥ വന്നു. മാധ്യമ സിംഹങ്ങളെന്നു പലരും തെറ്റിദ്ധരിച്ചുവശായിരുന്ന വെങ്കിടേശ് രാമകൃഷ്ണനും പി.വി.തോമസും ഉളുപ്പൊന്നുമില്ലാതെ രാഷ്ട്രീയ ചരിത്രവും സാമൂഹ്യ ശാസ്ത്രവും വര്‍ത്തമാന സത്യവും തെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ തോല്‍വിയും ബിജെപിയുടെ വിജയവും അവരുടെ തൊഴില്‍ ജീവിതത്തിനോ കുടുംബ ജീവിതത്തിനോ ഭീഷണിയാകുന്നതു കൊണ്ടാവും ഇങ്ങനൈയെന്ന് തോന്നിപ്പോയിട്ടുണ്ടാവും പലര്‍ക്കും. പത്രപ്രവര്‍ത്തനത്തിലെ സത്യസന്ധതയ്ക്ക് അവര്‍ ടി.വി.ആര്.ഷേണായിയുടെ മുമ്പില്‍ മുട്ടുകുത്തി നില്‍ക്കണം. (മൂന്നുപേരും ബഹുമാന്യ സുഹൃത്തുക്കളായിരിക്കെയും സത്യം പറയാതിരിക്കരുതല്ലൊ).
മോദി തരംഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും സമ്മതിക്കേണ്ടത് ബിജെപി വിജയം തന്നെയാണ്. ബിജെപിക്ക് രണ്ടായാലും അഭിമാനിക്കാം. കാരണം 1. മോദി തരംഗമുണ്ടെങ്കില്‍ അത് രാജ്യത്താാകെ നാളെ വ്യാപിക്കും. 2. അതത് സംസ്ഥാനങ്ങളില്‍ സംസ്ഥാന നേതാക്കളുടെ പ്രഭാവമാണ് വിജയകാരണമെങ്കില് മോദിക്കും ബിജെപിക്കും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. മധ്യപ്രദേശ് ചൗഹാനും രാജസ്ഥാന് സിന്ധ്യയും ഛത്തീസ്ഗഢ് രമണ്‍സിംഗും ദല്‍ഹി ഹര്‍ഷവര്‍ധനും സംരക്ഷിച്ചുകൊള്ളുമല്ലൊ. ബിജെപി വിരോധവും മോദി ഭീതിയും വരുമ്പോല്‍ അത് ബുദ്ധിയെ ബാധിക്കുമെന്ന് മാധ്യമങ്ങളിലെ അവതാരകരും വിശകലനക്കാരും വീണ്ടും തെളിയിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയര്മാന് ബിജെപി നേതാവാണ്. പക്ഷേ ബിസിനസുകാരനായ ഈ രാജ്യസഭാ എംപി പക്ഷേ ബിസിനസും രാഷ്ട്രീയവും കൂട്ടിക്കുഴക്കാത്തതിനാല്‍ ചാനലിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. അതറിയാവുന്ന ഏഷ്യാനെറ്റ് സിംഹങ്ങള്‍ മോദിക്കും ബിജെപിക്കുമെതിരെ എയ്ത വിശകലന വിഷയമ്പുകള്‍ മുതലാളി അറിയുന്നില്ലെങ്കിലും പ്രേക്ഷകന് തിരിച്ചറിയുന്നു. അവതാരക സിന്ധു സൂര്യ കുമാര്‍ കാണിച്ച തെരഞ്ഞെടുപ്പ് വിശകലന വാശിയിലായിരുന്നു അത് കൂടുതല്‍ കണ്ടത്. ഒരുപക്ഷേ വ്യൂവര്ഷിപ്പു പിടിക്കാനായിരുന്നെങ്കില്കൂടി പലതും അതിരു കടന്നുവെന്നല്ല, തരംതാണുപോയെന്ന വിശകലനത്തിലാണ് എത്തിച്ചേരാനാവുക.
ആം ആദ്മി പാര്‍ട്ടിയുടെ വിജയം ആരും ഗൗരവം കുറച്ചു കാണുന്നില്ല. എക്കാലത്തും പുതുമയ്ക്കും മാറ്റത്തിനും ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതണ് സത്യം. അടിസ്ഥാനപരമായി കൂടുതല്‍ ശരിയിലേക്കാണ് ഏതു മനുഷ്യരുടേയും ചായ്വ്; സാഹചര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം. അതുകൊണ്ട് കോണ്‍ഗ്രസ് അഴുകുമ്പോള്‍ അതിന്റെ സജീവ പ്രവര്‍ത്തകരും ബിജെപിയോട് അനുഭാവം കാണിക്കം. എന്നാല്‍ കൂടുതല്‍ മികച്ച മറ്റൊരു സാധ്യതയുണ്ടെങ്കില്‍ അങ്ങോട്ടു തിരിയും എന്നതാണ് ആം ആദ്മി യുടെ വിജയരഹസ്യം എന്ന വിശകലനം തെറ്റല്ല. എന്നാല്‍ അതുകൊണ്ട് മൂന്നാം മുന്നണിയ്ക്ക് സാധ്യതയെന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ വിശകലനം ഒരുതരം ആത്മരതിയാണെന്നേ പറയാനാവൂ. സിപിഐ നേതാവ് ഡി.രാജാ പറഞ്ഞത് വിശ്വസനീയമായ ബദലിന് സാധ്യതയുണ്ടെന്നാണ് ദല്‍ഹി ഫലം കാണിക്കുന്നതെന്നാണ്. അത് കൃത്യമാണ്. ആ വിശ്വാസ്യത ജനങ്ങള്‍ക്കു നല്കാന് നിലവില്‍ കമ്മ്യൂണിസ്റ്റുകള്ക്കുള്പ്പെടെ ഒരു ചെറു പാര്‍ട്ടിക്കും കഴിയില്ല, അവര്‍ക്കു മൂന്നാം മുന്നണി നയിക്കാനുമാവില്ല എന്നതാണ് വാസ്തവം.
എന്നാല്‍ സംസ്ഥാനങ്ങളിലെ വമ്പന്‍ വിജയം ബിജെപിക്കും സമാധാനിക്കാനല്ല കൂടുതല്‍ പ്രവര്‍ത്തിക്കാനാണ് ശക്തി പകരേണ്ടത്. കാരണം ദല്‍ഹിയില്‍ പാര്‍ട്ടിക്ക് കണക്കു കൂട്ടലുകളില്‍ കൃത്യത വന്നില്ല. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടു ചേര്‍ന്നുനിന്ന ജനവികാരം പുതിയൊരു ട്രെന്‍ഡാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും ബിജെപിയ്ക്ക് തുണയായി. നരേന്ദ്ര മോദി രാജസ്ഥാനില്‍ ഓവര്‍ടൈം പ്രവര്‍ത്തിച്ചതിന് ഗുണമുണ്ടായി, ദല്‍ഹിയില്‍ പ്രചാരണം കുറഞ്ഞതിന്റെ നഷ്ടവും. അപ്പോള്‍ പൊതുതെരഞ്ഞെടുപ്പിന് ശേഷിക്കുന്ന നാലുമാസം കൊണ്ട് മോദിക്ക് എവിടെയൊക്കെ, എത്ര തവണ എത്താനാകുമെന്നത് ഒരു വലിയ ചിന്താവിഷയമാണ്.
2004 ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍, അന്തരിച്ച, അന്നത്തെ സംഘടനാ സെക്രട്ടറി പ്രമോദ് മഹാജന് നടത്തിയ പ്രസംഗം അവസാനിച്ചത് ഇങ്ങനെയാണ്- “ശരിയാണ്, രാജ്യത്താകെ ബിജെപി അനുകൂല തരംഗമുണ്ട്. അതൊരു കൊടുങ്കാറ്റായി മാറിയിട്ടുണ്ട്. പക്ഷേ, നിങ്ങളുടെ സൈക്കിള്‍ ടയര്‍ പഞ്ചറായാല്‍ അതില്‍ കാറ്റുനിറയ്ക്കാന്‍ കൊടുങ്കാറ്റുകൊണ്ടു സാധിക്കില്ല. അതിന് സൈക്കിള്‍ പമ്പു തന്നെ വേണം.”
മഹാജന് പറഞ്ഞത് തരംഗമല്ല, ബാലറ്റ് പെട്ടിയാല്‍ വീഴുന്ന വോട്ടാണ് ഭരണം നിശ്ചയിക്കുന്നതെന്നും അതിന് പ്രവര്‍ത്തകര്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നുമാണ്. അന്ന് കൊടുങ്കാറ്റില്‍ കൊടിക്കൂറ പാറിച്ചുനിന്ന ബിജെപിയ്ക്ക് ആത്മവിശ്വാസം കൂടിപ്പോയിരുന്നുവെന്നത് വാസ്തവം. ഇന്ന് പക്ഷേ മോദി അടങ്ങിയിരിക്കാനും അലസരായി നടക്കാനും ആ പാര്‍ട്ടി പ്രവര്‍ത്തകരെ അനുവദിക്കുന്നില്ല എന്ന വ്യത്യാസമുണ്ട്. അതാണ് 2004-ഉം 2014 ഉം തമ്മിലുളള ഭേദവും.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: