ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവം കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ച ഗതികേടിന്റെ ആഴം വെളിപ്പെടുത്തുന്നതായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. രാഹുല്‍ ഇഫക്ടില്‍ വിശ്വസിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല പരാജയത്തിന്റെ കയ്പ്പുനീര് കുടിച്ചതത്രെ. ഒരു ആറാം ക്ലാസുകാരന് കൂടിയുണ്ട് അക്കൂട്ടത്തില്‍, പേര് പപ്പു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രീയ യുദ്ധത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് പ്രചരിക്കുന്ന തമാശക്കഥകളിലൊന്നാണിത്.
ദല്‍ഹിയിലെ രാജീവ് ഗാന്ധി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പപ്പു. കഴിഞ്ഞ ഒരുവര്‍ഷമായി ക്ലാസ് ടെസ്റ്റുകളും പരീക്ഷകളുമൊന്നും അവന് ജയിച്ചിട്ടില്ല. ഗത്യന്തരമില്ലാതെ മാതാപിതാക്കള്‍ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ക്കുമെന്നു പറഞ്ഞ് പപ്പുവിനെ വിരട്ടി. അപ്പോള്‍ പയ്യന്‍സ് ഒരു ഉശിരന്‍ നമ്പരിറക്കി.
രാഹുല്‍ ഗാന്ധിയുടെ റാലികള്‍ കണ്ടിരുന്നതുമൂലം പഠിക്കാന്‍ പറ്റിയില്ലെന്നും തന്റെ തോല്വികള്ക്കുകാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ നേതൃത്വമാണെന്നും അങ്ങു തുറന്നു പറഞ്ഞു. കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും കടുത്ത ആരാധകനായ തന്റെ പിതാവ് രാഹുലിന്റെ നേതൃത്വത്തിനു കീഴിലെ ഒരു ഫലവും മോശമാണെന്നു സമ്മതിക്കില്ല. ആ വീക്നെസിലാണ് പപ്പു കയറിപ്പിടിച്ചത്. അതു ശരിക്കങ്ങേല്ക്കുകയും ചെയ്തു. കണക്കിന് നൂറിന് 14 മാര്‍ക്കുമാത്രം വാങ്ങിയ പപ്പുവിനെ അച്ഛന് തോളില്‍ത്തട്ടി അഭിനന്ദിച്ചു. കഴിഞ്ഞ പരീക്ഷയിലെ എട്ട് മാര്‍ക്ക് എന്ന പ്രകടനം മെച്ചപ്പെടുത്തിയതില്‍ പുള്ളി ആശ്വാസം കൊണ്ടെന്നതും കഥയുടെ ബാക്കി പത്രം. പതിറ്റാണ്ടുകളായി ഇന്ത്യന്‍ ജനത ഗാന്ധി കുടുംബത്തോട് വച്ചു പുലര്‍ത്തുന്ന അമിത വിധേയത്വത്തിനിട്ടുള്ള കുത്തുകൂടിയായി ഹാസ്യ രൂപേണയുള്ള ഈ കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: