ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍ അരങ്ങേറും. എ മുതല്‍ ഡി വരെയുള്ള ഗ്രൂപ്പുകളിലെ അവസാന മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. ഗ്രൂപ്പ് എയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഗ്രൂപ്പ് ബിയില്‍ നിന്ന് റയല്‍ മാഡ്രിഡും ഗ്രൂപ്പ് സിയില്‍ നിന്ന് പിഎസ്ജിയും ഗ്രൂപ്പ് ഡിയില്‍ നിന്ന് ബയേണ്‍ മ്യൂണിക്കും മാഞ്ചസ്റ്റര്‍ സിറ്റിയും നേരത്തെ തന്നെ പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ബാക്കി മൂന്ന് ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാര്ക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്.
ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഷക്തറും തമ്മിലും ബയേര്‍ ലെവര്‍ക്യൂസനും റയല്‍ സോസിഡാഡും തമ്മിലും ഏറ്റുമുട്ടും. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഷക്തറിനെ പരാജയപ്പെടുത്തുകയും ലെവര്ക്യൂസന് റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഷക്തറിനെ പിന്തള്ളി സോസിഡാഡ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കും. അതേസമയം മാഞ്ചസ്റ്റര്‍ യുണെറ്റഡ് ഇന്ന് പരാജയപ്പെട്ടാല്‍ രണ്ടാം സ്ഥാനക്കാരായി ഷക്തറാണ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുക. ഇരു മത്സരങ്ങളും സമനിലയില്‍ കലാശിച്ചാലും ഷക്തര്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറും. അതേസമയം സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഞെട്ടലിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളിക്കാനിറങ്ങുന്നത്.
ഗ്രൂപ്പ് ബിയില്‍ നേരത്തെ തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 16-ലേക്ക് യോഗ്യത നേടിയ റയല്‍ മാഡ്രിഡിന് എതിരാളികള്‍ എഫ്സി കോപ്പന്‍ഹേഗനാണ്. മറ്റൊരു മത്സരത്തില്‍ ജുവന്റസ് ഗലറ്റസാരെയുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ഒരു സമനിലയോടെ ഏറെക്കുറെ ജുവന്റസിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. അതേസമയം ഗലറ്റ്സാരെക്ക് ജുവന്റസിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ നോക്കൗട്ട് പ്രവേശനം സാധ്യമാവൂ.
ഗ്രൂപ്പ് സിയില്‍ ഫ്രഞ്ച് ടീം പിഎസ്ജി നേരത്തെ യോഗ്യത നേടിക്കഴിഞ്ഞതിനാല്‍ അവര്‍ക്ക് ഇന്നത്തെ പോരാട്ടം അപ്രസക്തമാണ്. ഇന്നത്തെ എവേ പോരാട്ടത്തില്‍ ബെനഫിക്കയാണ് പിഎസ്ജിയുടെ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഒളിമ്പിയാക്കോസ് ആന്ഡര്ലക്റ്റിനെ നേരിടും. ബെനഫിക്കയും ഒളിമ്പിയാക്കോസും ഇന്നത്തെ പോരാട്ടങ്ങളില്‍ വിജയിച്ചാല്‍ ഗോള്‍ ആവറേജിലായിരിക്കും പ്രീ-ക്വാര്‍ട്ടര്‍ ടീമിനെ തീരുമാനിക്കുക.
ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും. ഈ ഗ്രൂപ്പില്‍ നിന്ന് ഇരുടീമുകളും നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഇരു ടീമുകളും തമ്മില്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബയേണ്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്തിരുന്നു. അതിനാല്‍ ഇന്നത്തെ പോരാട്ടത്തില്‍ ഈ പരാജയത്തിന് പകരംവീട്ടുക എന്നതായിരിക്കും സിറ്റിയുടെ ലക്ഷ്യം. മറ്റൊരു മത്സരത്തില്‍ നേരത്തെ തന്നെ പുറത്തായ സിഎസ്കെ മോസ്കോയും വിക്ടോറിയ പ്ലസനും തമ്മിലാണ് പോരാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: