കാര്യങ്ങള്‍ തീരുമാനമായപ്പോള്‍ പെരുങ്കൂറുവാഴുന്നവര്‍ പുഴയുടെ തെക്കുഭാഗത്ത് മനുഷ്യര്‍ക്കും നാല്ക്കാലികള്ക്കും വേണ്ടതെല്ലാം ചുരത്തുന്ന ശാന്തവും സുന്ദരവുമായ ഗ്രാമത്തില്‍ സൗരാഷ്ട്രക്കാര്‍ക്ക് ഭവനങ്ങള്‍ സംവിധാനം ചെയ്തു. പണ്ട് ഹസ്തിനാപുരത്തുകാര്‍ ഉപേക്ഷിച്ചുപോയ ഗൃഹങ്ങള്‍ അറ്റകുറ്റപ്പണികളെല്ലാം തീര്‍ത്ത് സൗരാഷ്ട്രക്കാര്‍ക്ക് കൊടുക്കകയും ജീവിതാവശ്യങ്ങള്‍ക്കായി കരമൊഴിവായി ഭൂമികള്‍ പതിച്ചു കൊടുക്കുകയും ചെയ്തു. കാര്‍മേഘങ്ങള്‍ കനിഞ്ഞു വര്‍ഷിക്കുന്ന, വേനല്‍ക്കാലത്തുകൂടി തണുപ്പു ചുരത്തുന്ന ചോലകളുള്ള ആ ഗ്രാമം സൗരാഷ്ട്രത്തില്നിന്ന് പോന്നവര്‍ക്കെല്ലാം മനസ്സിണങ്ങുകയും അവിടെ വേരുപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ചൊമാരിയുടെ മകന് സൗരാഷ്ട്രക്കാരുടെ നേതാവായിരുന്ന അച്ഛന്റെ കുടുബത്തില്‍ നിന്ന് വിവാഹം കഴിക്കുക കൂടിയുണ്ടായി. സത്യത്തില്‍ സഹോദരിയുമായുള്ള ആ വിവാഹം പരദേശികളാണ് എന്ന തോന്നല്‍ വളരെ കുറച്ചു. ആ കാലത്ത് പെരുങ്കൂര്‍ വാഴുന്നവര്‍ തീപ്പെടുകയും പുതിയവാഴുന്നവര് സൗരാഷ്ട്രക്കാരെ നിര്‍മമം അപമാനിച്ച് നാടുകടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിനു കാരണം ഊരുഗ്രാമക്കാരിലെ പ്രധാനികള്‍ വാഴുന്നവരുടെ സിരകളിലരിച്ചുകയറുന്ന ഏഷണികള്‍ ഓതിക്കൊടുത്തതാണ്. പണ്ട് ഹസ്തിനാപുരത്തുനിന്ന് വന്നവരില്‍ തിരിച്ചുപോകാത്തവരും സൗരാഷ്ട്രക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരുമായ ചിലരുടെ ജീവന് പോലും പെരുങ്കൂറു വാഴുന്നവരുടെ ഭടന്മാരുടെ ആയുധങ്ങളേറ്റ മുറിപ്പാടിലൂടെ ആര്‍ത്തനാദത്തോടെ പുറത്തിറങ്ങി ഗതികിട്ടാതെ അലഞ്ഞു. ഭീതിയുടെ ഇരുട്ടില്‍ കഷ്ടപ്പെട്ടുപോയ സൗരാഷ്ട്രക്കാരെയും ശേഷിച്ച സുഹത്തുക്കളെയും സാഹസികതയും കാരുണ്യവും ഉള്ള കുറുങ്കൂര്‍ ഇളയവാഴുന്നവര് തക്കസമയത്ത് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിക്കൊണ്ടുവന്നവര്ക്ക് കുറുങ്കൂറു വാഴുന്നവര്‍ വേണ്ടതെല്ലാം ചെയ്തുതരാന്‍ തയ്യാറായിരുന്നു. പക്ഷേ പുതിയ നാട്ടില്‍ വേരുറയ്ക്കാന്‍ തുടങ്ങിയ ഭാവിയുടെ പ്രകാശകിരണങ്ങള്‍ ഇരുണ്ട ഭയത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ട് ജീവച്ഛവങ്ങളായ സൗരാഷ്ടക്കാര്‍ മിക്കവരും തിരിച്ചു പോകാന്‍ തന്നെ തീരുമാനിച്ചു. ഒരു വശത്ത് കൂടെയുള്ളവര്‍ തിരിച്ചു പോകുന്നതുകൊണ്ട് ഒറ്റപ്പെടുന്നൂ എന്ന ഹൃദയം വാട്ടിക്കളയുന്ന തോന്നല്‍. മറുവശത്ത് യജ്ഞസംരക്ഷണത്തിന് വഴിയില്ലാതെ വിഷമിക്കുന്ന ഗ്രാമക്കാര്‍.
ഒരക്ഷരം പറയാതെ, മുന്നില്‍ വരാതെ, ദീര്‍ഘനിശ്വാസങ്ങളാല്‍ വഴി തടയുന്ന ദേവകി. മനസ്സിനെ പലകഷ്ണങ്ങളായി ചീന്തിയെറിയുന്ന ദശ ശരിക്കും ആ കാലത്ത് അനുഭവിച്ചു. തികച്ചും അനാശ്രിതനായി അമ്മയുടെ അടുത്തു ചെന്നിരുന്നു. അമ്മയുടെ കാര്യം ആലോചിച്ചാല്‍ അദ്ഭുതം തോന്നും. അവ്യക്തത എന്ന വാക്കുതന്നെ അമ്മയെ സംബന്ധിച്ചിടത്തോളം ഇല്ല. പെരുങ്കൂറില്‍നിന്ന് എല്ലാം നഷ്ടപ്പെട്ട സൗരാഷ്ട്രക്കാരെല്ലാം തന്നെ യജ്ഞപുരത്തെ കളത്തിലും അടുത്തുള്ള ഗൃഹങ്ങളിലും ഭാവിയിലെ അനിശ്ചിതത്വത്തിന്റെ ഇരുണ്ട ജ്വാലകളാളിനില്ക്കുന്ന ഇരുളിലേക്കു നോക്കിയിരിക്കുന്ന കാലത്തും അമ്മ ഇരുളിന്നപ്പുറത്ത് പ്രഭാതം ഉണ്ടെന്നു വിശ്വസിച്ചു. അമ്മ ഉറപ്പിച്ചു പറഞ്ഞു. ‘നിന്റെ അച്ഛന് ഒരു വലിയ കാര്യത്തിനാണ് പുറപ്പെട്ടു പോന്നത്. അത് തുടര്‍ന്നു നടത്തുകയാണ് വേണ്ടത്. അച്ഛന്റെ അനുഗ്രഹവും എന്റെ പിന്താങ്ങും നിനക്ക് ഉണ്ടാകും. ‘അമ്മ ആഴത്തിലുള്ള അനുഭവദാര്ഢ്യത്തിനു മേലെയാണ് തീരുമാനങ്ങള്‍ പടുക്കുന്നത്. അതിനുമേലെ കര്‍ത്തവ്യം നിര്‍ഭയം നടത്താം. അമ്മ മുമ്പുതന്നെ പറയാറുണ്ട് ‘എന്റെ അച്ഛന് സഹധര്‍മം ചരിക്കാനാണ് പറഞ്ഞിട്ടുള്ളത്. നിന്റെ അച്ഛന് ഏറ്റെടുത്തധര്മം യജ്ഞസംരക്ഷണമാണ്. അതിന് അദ്ദേഹം കണ്ടെടുത്ത ഭൂമിയാണ് കേരളം. അടുത്ത തലമുറയെ യജ്ഞസംരക്ഷണത്തിന് യോഗ്യരാക്കേണ്ട ചുമതല എനിക്കുണ്ട്. മക്കള്‍ ഇവിടെ പരദേശികളായി വളര്‍ന്നാല്‍ ധര്മസങ്കരമുണ്ടാകും. അതില്ലാതാക്കാന്‍ ഞാന്‍ എന്റെ കുട്ടികളെ ഇവിടത്തുകാരായി വളര്‍ത്തും. സൗരാഷ്ട്രക്കാരായിട്ടല്ല. ‘പ്രശ്നങ്ങള്‍ സമാധാനത്തോടെ കേള്‍ക്കാനും പരിഹാരം ഉണ്ടാക്കാനും അമ്മയ്ക്കുള്ള കഴിവ് അപാരമാണ്. ഇപ്പോഴത്തെ പ്രശ്നവും അമ്മയോട് പറയാന്‍ താമസിക്കരുത്. ദേവകി ഒരാളലായി ഉള്ളില്‍ ഉണ്ടെന്നത് അമ്മയെ അറിയിക്കുകതന്നെ വേണം. മകളും ശിഷ്യനും തമ്മിലുള്ള സുഖകരമായ അസ്വസ്ഥതകള്‍ ഇരിപ്പത്തിനും പിടികിട്ടിത്തുടങ്ങി എന്ന് ഇന്നത്തെ ദേവകി എഴുതിയ ശ്ലോകം ചൊല്ലിയപ്പോള്‍ പ്രതിധ്വനിച്ചിരുന്നുവോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് വ്യക്തമായി പറയേണ്ട സമയം അതിക്രമിച്ചു തുടങ്ങി.
മലരിലെ ഉമി കളഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ അടുത്ത് ദ്വിവേദി ചെന്നിരുന്നു. അമ്മയുടെ തലമുടി അടുത്തകാലത്തായി കുറച്ചധികം നരച്ചിട്ടുണ്ട്. സൗരാഷ്ട്രത്തില് നിന്നുള്ള യാത്ര, അച്ഛന്റെ മരണം, പെരുങ്കൂറില്‍നിന്ന് പോരേണ്ടിവന്ന ചുറ്റുപാടുകള്‍ എല്ലാം വിഷമമുണ്ടാക്കുന്നവയും മനസ്സിനെയും ദേഹത്തിനെയും ബാധിക്കുന്നവയും ആണ്. കുടുംബത്തിലെ തീരാത്തപണികളില് നിന്ന് അമ്മയ്ക്ക് വിശ്രമം കൊടുക്കണം.
‘അമ്മേ! ഇന്ന് ഇരിപ്പത്തെ അമ്മ അമ്മയുടെ കാര്യം അന്വേഷിച്ചു.’ ‘ഉവ്വോ?’ ‘എത്ര കാലം അമ്മ ഒറ്റയ്ക്ക് പണികള്‍ പേറും എന്നൊരു ചോദ്യം എന്റെ മനസ്സിലേക്ക് എയ്തു വിടുകയും ചെയ്തു.’ അമ്മ മലര് പെറുക്കുന്നതില്‍ നിന്ന് തലയുയര്‍ത്താതെ പറഞ്ഞു. ‘ഉണ്ണീ തെളിച്ചു പറഞ്ഞുകൊള്ളൂ. എന്താകാര്യം?’ ഇനി വളച്ചുകെട്ടേണ്ട കാര്യമില്ല. എന്താണ് പറയാന്‍പോകുന്നത് എന്ന് അമ്മ ഏതാണ്ട് ഊഹിച്ചുകാണും. മറുപടിക്ക് സമയമെടുത്തപ്പോള്‍ അമ്മ തുടര്‍ന്നു.
‘ഇരിപ്പത്തമ്മ പറഞ്ഞപോലെ എനിക്ക് എല്ലാം കൂടി കൊണ്ടുനടക്കാന്‍ വിഷമം തുടങ്ങിയിട്ടുണ്ട്. ഉണ്ണി ഗൃഹസ്ഥനാകുകയാണ് അതിനുള്ള ഏക പ്രതിവിധി. ഞാന്‍ ചൊമാരിയുടെ അവിടെ ഒന്നു പോയി പത്ത്നാടിയെ കണ്ട് ആലോചന തുടങ്ങാന്‍ പറയാം.’ മറുപടി ഒന്നും പറയാതിരുന്നതിനാല്‍ അമ്മ ദ്വിവേദിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. ‘ഉണ്ണിക്ക് എന്തങ്കിലും പറയാനുണ്ടോ? എന്തായാലും പറഞ്ഞോളൂ.’ ദ്വിവേദി കീഴ്ച്ചുണ്ട് ഉള്ളിലേക്കു വലിച്ച് നാവുകൊണ്ട് വരള്‍ച്ച തീര്‍ത്ത് ദീര്‍ഘനിശ്വാസത്തോടെ എങ്ങോട്ടോ നോക്കി പറഞ്ഞു. ‘അമ്മയ്ക്ക് സമ്മതാണെങ്കില്‍ ഇരിപ്പത്തു നിന്ന് ആലോചിച്ചാല്‍ കൊള്ളാം.’ ‘ഉണ്ണി നല്ലവണ്ണം ആലോചിക്കാതെ ഒരു കാര്യം പറയില്ല എന്നെനിക്കറിയാം. വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ മരുമകളല്ലേ ദേവകി? പുകയുന്ന വിഷമങ്ങള്‍ പ്രതീക്ഷിക്കണം. എന്നു വച്ച് ഉള്ളിലെ തീ കെടുത്തണം എന്നല്ല. തീര്‍ച്ചയായും ആലോചിക്കാം.’ അമ്മയുടെ വാക്കുകളിലെവിടെയോ അച്ഛന്റെ അനുഗ്രഹം സ്പന്ദിക്കുന്നതായി ദ്വിവേദിക്കു തോന്നി.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: