ദൃക്-ദൃശ്യം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ സമസ്തത്തെയും തന്നെ മനസ്സിലാക്കണം. കാണപ്പെടുന്ന സകലത്തില്‍ നിന്നും വിലക്ഷണമായ ദൃക്സ്വരൂപമാണ് താനെന്ന് വിചാരം ചെയ്യൂ. ജാഗ്രത് സ്വപ്ന സുഷുപ്തികളാകുന്ന മൂന്ന് ധാമങ്ങളിലും ഭോക്താവും ഭോഗ്യവും ഭോഗവും ആയി വിഭക്തമായി നിലകൊള്ളുന്നതൊന്നുമല്ല തന്റെ വാസ്തവത്തിലുള്ള സ്വരൂപമെന്നും താന്‍ ചിന്മാത്രനായ സദാശിവനാണെന്നും അനുസന്ധാനം ചെയ്യൂ. ഉപനിഷദ് വിചാരയജ്ഞം അമ്പത്തിമൂന്നാം ദിവസം കൈവല്യോപനിഷത്തിനെ അധികരിച്ച് ടിഡിഎം ഹാളില്‍ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി. സകലപ്രപഞ്ചവും തന്നെ ആവിര്‍ഭവിക്കുന്നതും നിലനില്ക്കുന്നതും വിലയിക്കുന്നതും ചിദ്രൂപനായ തന്നിലാണ്. അങ്ങനെയുള്ള സ്വരൂപം അദ്വയമായ ബ്രഹ്മമാകുന്നു. അണുവില്‍ വെച്ച് അണുവും മഹത്തില്‍ വെച്ച് മഹത്തും സകല പ്രപഞ്ചാകാരത്തിലും പ്രഭാസിക്കുന്നതും പുരാതനനും പ്രകാശസ്വരൂപനുമാകുന്ന താനാകുന്നു. സര്വ്വകണ വിവര്ജ്ജിതനായ താന്‍ അറിവിന്റെ സ്വരൂപമാകുന്നു. അതുകൊണ്ടുതന്നെ തന്റെ സ്വരൂപം അറിയപ്പെടുന്നതല്ല. സകലവേദങ്ങളിലൂടെയും ലക്ഷണാവൃത്തിയിലൂടെ അറിയപ്പെടേണ്ടത് തന്റെ സ്വരൂപത്തെയാണ്. സര്‍വ്വകരണങ്ങളെയും പ്രകാശിപ്പിക്കുന്നത് താനാണ്. സര്‍വ്വാധിഷ്ഠാനമായ സ്വരൂപമാണ് താന്‍. ഇപ്രകാരം സര്വ്വാധിഷ്ഠാനവും സര്‍വ്വാന്തര്യാമിയും സര്‍വ്വോപാധി വിവര്ജ്ജിതനുമായി തന്റെ സ്വരൂപത്തെ വിജ്ഞാനി അറിയുന്നു. ഇൗ അറിവില്‍ ജനന മരണാദി ഭാവങ്ങളില്‍നിന്നും മുക്തനായി അമൃതസ്വരൂപനാകുന്നു. ഇതാണ് വേദാന്തം ഉപദേശിക്കുന്ന പരമമായ മോക്ഷം. ഈ മുക്തിപദത്തിലേക്ക് ഏവരെയും ഉയര്‍ത്തുകയാണ് വേദാന്തം ചെയ്യുന്നത്.
മനുഷ്യന്റെ സര്വ്വക്ലേശനിവൃത്തിക്കും ആത്യന്തികമുക്തിക്കും ഏകമായ മാര്‍ഗം വേദാന്താനുസന്ധാനം തന്നെ. ഇത് സാമ്പ്രദായിക ശുദ്ധിയോടെ പഠിക്കാന്‍ സമൂഹം മുന്നോട്ടു വരേണ്ടതാണ്.
ഇന്ന് വൈകിട്ട് 5.30 മുതലാണ് സ്വാമിജിയുടെ പ്രഭാഷണം. 7.30ന് യജ്ഞസമര്‍പ്പണത്തോടെ ഉപനിഷദ് വിചാരയജ്ഞം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: