ഡര്ബന്: ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ മുട്ടുവിറച്ച നാട്ടിലെ പുലികള്‍ക്ക് രണ്ടാം ഏകദിനത്തിലും കനത്ത തോല്‍വി. മോശം കാലാവസ്ഥ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റിന് 280 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 146 റണ്‍സിന് ഓള് ഔട്ടായതോടെ 134 റണ്‍സിന്റെ ഉജ്ജ്വല വിജയം ദക്ഷിണാഫ്രിക്കക്ക് സ്വന്തമായി. ഇതോടെ പരമ്പരയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ആദ്യ മത്സരത്തിലും ഗംഭീര വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഓപ്പണര്‍ ഡി കോക്കിന്റെയും രണ്ടാം ഓപ്പണര്‍ ഹാഷിം ആംലയുടെയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. 281 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ 36 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ടോപ് സ്കോറര്‍. രവീന്ദ്ര ജഡേജ 26 റണ്‍സുമെടുത്തു. 19 റണ്‍സ് വീതം നേടിയ രോഹിത് ശര്‍മ്മയും ധോണിയും 15 റണ്‍സ് നേടിയ അശ്വിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സൊസൊബേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റെയിന്റെയും രണ്ടെണ്ണം വീഴ്ത്തിയ മോര്‍ക്കലിന്റെയും പേസിന് മുന്നിലാണ് ഇന്ത്യ തകര്‍ന്നുതരിപ്പണമായത്. ആദ്യ മത്സരത്തില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. യുവരാജിനും മോഹിത് ശര്‍മ്മക്കും ഭുവനേശ്വര്‍കുമാറിനും പകരം അജിന്‍ക്യ രഹാനെയും ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും കളത്തിലിറങ്ങി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരത്തിലെപ്പോലെ ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ഡി കോക്കും ആംലയും ചേര്‍ന്ന് ആതിഥേയര്‍ക്ക് നല്‍കിയത്. തുടക്കം മുതല്‍ മികച്ച സ്ട്രോക്ക് പ്ലേ കാഴ്ചവെച്ച ആംലയും ഡി കോക്കും ചേര്‍ന്ന് നല്ല വേഗത്തിലാണ് സ്കോര്‍ ഉയര്‍ത്തിയത്. 9.3 ഓവറില്‍ സ്കോര്‍ 50ഉം 18.3 ഓവറില്‍ 100 റണ്‍സും പിന്നിട്ടു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35.1 ഓവറില്‍ 194 റണ്‍സാണ് അടിച്ചകൂട്ടിയത്. ഇതിനിടെ ഡി കോക്ക് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. 112 പന്തുകളില്‍ നിന്ന് 8 ബൗണ്ടറികളോടെയാണ് കോക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ വ്യക്തിഗത സ്കോര്‍ 106 റണ്‍സില്‍ നില്‍ക്കേയാണ് ഡി കോക്ക് മടങ്ങിയത്. അശ്വിന്റെ പന്തില്‍ രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്‍കിയാണ് കോക്ക് മടങ്ങിയത്. അഞ്ച് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. ആദ്യ ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഡിവില്ലിയേഴ്സ് ഇന്നലെ വെറും മൂന്ന് റണ്‍സെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്താണ് ഡിവില്ലിയേഴ്സ് മടങ്ങിയത്. 36.3 ഓവറില്‍ ദക്ഷിണാഫ്രിക്ക 200 റണ്‍സ് കടന്നു. പിന്നീട് സ്കോര്‍ 233 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. 117 പന്തുകളില്‍ നിന്ന് 8 ബൗണ്ടറികളോടെ സെഞ്ച്വറി തികച്ച ആംലയാണ് മടങ്ങിയത്. മുഹമ്മദ് ഷാമിയുടെ പന്തില്‍ ധോണി പിടികൂടുകയായിരുന്നു. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാം വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. മൂന്ന് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന മില്ലറെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 249-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റായി ഡുമ്നിയും മടങ്ങി. 29 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത ഡുമ്നി റണ്ണൗട്ടായാണ് മടങ്ങിയത്. കല്ലിസിന് ഇത്തവണയും മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. 12 റണ്‍സെടുത്ത കല്ലിസിനെ മുഹമ്മദ് ഷാമി ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക 6ന് 255 എന്ന നിലയിലായി. പിന്നീട് അവസാന രണ്ട് ഓവറുകളില്‍ നിന്ന് നേടിയ 25 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 280-ല്‍ എത്തിച്ചത്. മക്ലാരന് അഞ്ച് പന്തില്‍ നിന്ന് 12ഉം ഫിലാന്‍ഡര്‍ അഞ്ച് പന്തുകളില്‍ നിന്ന് 14ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 8 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്കുന്നതില് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തുടര്‍ച്ചയായ രണ്ടാം പോരാട്ടത്തിലും പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡില്‍ വെറും 10 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് പന്തുകള്‍ നേരിട്ട ശിഖര്‍ ധവാന് റണ്ണൊന്നുമെടുക്കാതെ സ്റ്റെയിന്റെ പന്തില്‍ ഡുമ്നിക്ക് ക്യാച്ച് നല്കി മടങ്ങി.
പിന്നീട് സ്കോര്‍ 16 റണ്‍സിലെത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. അഞ്ച് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന വിരാട് കോഹ്ലിയെ സൊസൊബേയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്ക് പിടികൂടി. സ്കോര്‍ 29-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 26 പന്തുകളില്‍ നിന്ന് 19 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ സൊസൊബേയുടെ പന്തില്‍ ഹാഷിം ആംല കയ്യിലൊതുക്കി. സ്കോര്‍ 34 റണ്‍സിലെത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. 17 പന്തുകളില്‍ നിന്ന് 8 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയെ മോണ്‍ മോര്‍ക്കലിന്റെ പന്തില്‍ ഡി കോക്ക് പിടികൂടി. പിന്നീട് സുരേഷ് റെയ്നയും ധോണിയും ചേര്‍ന്ന് സ്കോര്‍ 74-ല്‍ എത്തിച്ചു. എന്നാല്‍ 31 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ധോണിയെ ഫിലാന്‍ഡറുടെ പന്തില്‍ ഡി കോക്ക് പിടികൂടിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. പിന്നീ 23-ാം ഓവറിലെ അവസാന പന്തില്‍ സുരേഷ് റെയ്നയും മടങ്ങി. 36 റണ്‍സെടുത്ത റെയ്നയെ മോര്‍ക്കലിന്റെ പന്തില്‍ മില്ലര്‍ പിടികൂടുകയായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജയും അശ്വിനും ചേര്‍ന്ന് സ്കോര്‍ 135 റണ്‍സിലെത്തിച്ചെങ്കിലും 15 റണ്‍സെടുത്ത അശ്വിനെ സ്റ്റെയിന്റെ പന്തില്‍ ഡി കോക്ക് പിടികൂടിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. സ്കോര്‍ 145-ല്‍ എത്തിയപ്പോള്‍ 26 റണ്‍സെടുത്ത ജഡേജയെ സൊസൊബേയുടെ പന്തില്‍ ഡിവില്ലിയേഴ്സ് പിടികൂടി. പിന്നീട് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന രണ്ട് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായതോടെ ദയനീയ പരാജയവും നേരിടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: