ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ടാം പരാജയം. ഒരാഴ്ചക്കിടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം സ്റ്റേഡിയമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ പരാജയം ഏറ്റുവാങ്ങുന്നത്. ഡിസംബര്‍ 4ന് എവര്‍ട്ടണിനോട് പരാജയപ്പെട്ട യുണൈറ്റഡ് ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനോടാണ് തകര്‍ന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുണൈറ്റഡ് ന്യൂകാസിലിനോട് കീഴടങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 61-ാം മിനിറ്റില്‍ ന്യൂകാസിലിന്റെ ഫ്രഞ്ച് താരം യോഹാന്‍ കബായെയാണ് യുണൈറ്റഡിന്റെ ഹൃദയം പിളര്‍ത്തിയ ഗോള്‍ നേടിയത്.
മറ്റ് പ്രധാനമത്സരങ്ങളില്‍ ചെല്‍സി പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുടുങ്ങി. അതേസമയം കരുത്തരായ ലിവര്‍പൂള്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ടോട്ടനം സണ്ടര്‍ലാന്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി.
സ്റ്റോക്ക് സിറ്റിയാണ് കരുത്തരായ ചെല്‍സിയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്റ്റോക്ക് മൊറീഞ്ഞോ പടയെ തകര്‍ത്തത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ആന്ദ്രെ ഷെര്ലെയിലൂടെ ചെല്‍സിയാണ് മുന്നിലെത്തിയത്. എന്നാല്‍ 42-ാം മിനിറ്റില്‍ പീറ്റര്‍ ക്രൗച്ചിലൂടെ സ്റ്റോക്ക് സിറ്റി സമനില പിടിച്ചു. പിന്നീട് 50-ാം മിനിറ്റില്‍ സ്റ്റീഫന്‍ അയര്ലന്റിലൂടെ സ്റ്റോക്ക് ലീഡ് നേടിയെങ്കിലും മൂന്നുമിനിറ്റിനുശേഷം ഷെര്ലെയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെ ചെല്‍സി സമനില പിടിച്ചു. പിന്നീട് മത്സരത്തിന്റെ അവസാന മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ഒസാമ അസ്സെയ്ദി ഉതിര്‍ത്ത ലോംഗ്ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത് ചെല്‍സി ഗോളി പീറ്റര്‍ ചെക്കിനെ മറികടന്ന് വലയില്‍ തറച്ചുകയറി.
മറ്റൊരു മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. രണ്ട് സെല്‍ഫ് ഗോളുടെ പിന്‍ബലത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ വെസ്താമിനെ കീഴടക്കി. വെസ്താമിന്റെ ഗോളും സെല്‍ഫായിരുന്നു. മത്സരത്തിന്റെ 43-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളിലൂടെയാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. ലൂയി സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ട് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഗെ ഡെമലിന്റെ കാലില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു. പിന്നീട് 47-ാം മിനിറ്റില്‍ മമാദു സാകോയിലൂടെ ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍ 66-ാം മിനിറ്റില്‍ സ്കേര്ട്ടല് സമ്മാനമായി നല്കിയ ഗോളിലൂടെ വെസ്റ്റഹാം ഒരു ഗോള്‍ മടക്കി. 81-ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോള്‍ നേടി. മൂന്ന് മിനിറ്റിനുശേഷം ഒബ്രിയാന് ദാനമായി നല്കിയ ഗോളിലൂടെ ലിവര്‍പൂള്‍ പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സതാമ്പ്ടണ് 1-1ന് സമനിലയില്‍ തളച്ചു. 10-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ സിറ്റി ലീഡ് നേടിയെങ്കിലും 42-ാം മിനിറ്റില്‍ ഒസ്വാള്ഡോയിലൂടെ സതാമ്പ്ടണ് സമനില പിടിച്ചു.
സണ്ടര്‍ലാന്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം കീഴടക്കിയത്. മറ്റ് മത്സരങ്ങളില്‍ നോര്‍വിച്ച് 2-0ന് വെസ്റ്റ് ബ്രോമിനെയും ക്രിസ്റ്റല്‍ പാലസ് 2-0ന് കാര്‍ഡിഫിനെയും കീഴടക്കി.
14 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ആഴ്സണലാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം ചെല്‍സിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇരുടീമുകള്‍ക്കും 30 പോയിന്റ് വീതമാണുള്ളത്. 29 പോയിന്റുള്ള സിറ്റിയാണ് നാലാമത്. 22 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: