തലശ്ശേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം അത്യന്തം ആവേശകരമായ അന്ത്യത്തിലേക്ക്. വിജയപ്രതീക്ഷയിലാണ് ഇരു ടീമുകളുമെങ്കിലും സാധ്യത കൂടുതല്‍ കേരളപക്ഷത്തിന്. ഇന്നലെ കാലത്ത് അഞ്ച് വിക്കറ്റിന് 164 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ്ങ് പുനരാരംഭിച്ച ഹിമാചല്‍ പ്രദേശിന് 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച അഞ്ച് വിക്കറ്റുകളും നഷ്ടപ്പെട്ടു. 174 ന് ഹിമാചല്‍ പുറത്തായി. കേരളത്തിന് വേണ്ടി പത്മനാഭന് പ്രശാന്ത് 54 റണ്‍സ് വിട്ടു നല്കി 7 വിക്കറ്റ് വീഴ്ത്തി. മികച്ച പ്രകടനമാണ് പ്രശാന്ത് കാഴ്ചവെച്ചത്. പ്രശാന്ത് പരമേശ്വരന് രണ്ട് വിക്കറ്റും ചൊവ്വക്കാരന്‍ ഷാഹിദ് ഒരു വിക്കറ്റും എടുത്തു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച കേരളം 44.3 ഓവറില്‍ 155 റണ്‍സ് അടിച്ചെടുക്കുന്നതിനിടയില് എല്ലാവരും പുറത്തായി. കേരളത്തിന്റെ കളക്കാരില്‍ ആര്‍ക്കും അര്‍ധശതകം തികക്കാന്‍ ആയില്ല. ക്യാപ്റ്റന്‍ സച്ചിന് ബേബി-43, വിനൂപ് മനോഹരന്-39, വി.എ.ജഗദീഷ്-18, ഷാഹിദ്-13, സച്ചിന് ഗോപന്-25, റോഹന്‍ -1, റോബര്‍ട്ട്-6, എസ്ക്ട്രാ-9 എന്ന നിലയില്‍ ദയനീയമായിരുന്നു പ്രകടനം. സഞ്ജു വി.സാംസണ് ബാറ്റിങ്ങില്‍ തീര്‍ത്തും മങ്ങി. ഒരു റണ്‍ മാത്രമായിരുന്നു സഞ്ചുവിന് നേടാനായത്. ഹിമാചല്‍ പ്രദേശിന് വേണ്ടി വിഭൂത് ശര്‍മ്മ 32 റണ്‍സ് വിട്ടു നല്കി 4 വിക്കറ്റും വിശാല്‍ ഭാട്യ 41 റണ്‍സിന് 2 വിക്കറ്റും ഗുരുവീന്ദ് സിംഗ് 19 ന് രണ്ട് വിക്കറ്റും അഭിനവ് ബാലി 25 ന് ഒരു വിക്കറ്റും വീഴ്ത്തി. കളി തീരാന്‍ രണ്ടു ദിവസം ശേഷിക്കേ ഹിമാചല്‍ പ്രദേശിന് ജയിക്കാന്‍ 196 റണ്‍സ് മതി. ഇന്നലെ കളി അവസാനിക്കുമ്പോള്‍ ആകെ 7 വിക്കറ്റ് നഷ്ടപ്പെട്ട് 110 റണ്‍സ് എന്ന പരിതാപകരമായ നിലയിലാണ് ഹിമാചല്‍ ഉള്ളത്. ഹിമാചലിന് വേണ്ടി ഋഷി ധവാന് 33 റണ്‍സും പ്രശാന്ത് ചോപ്ര 41 റണ്‍സും നേടി. കേരളത്തിന് വേണ്ടി വിനൂപ് മനോഹരന് 4 വിക്കറ്റും തലശ്ശേരിക്കാരന് സി.പി.ഷാഹിദ് 3 വിക്കറ്റും വീഴ്ത്തി. ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ ഹിമാചലിന്റെ 3 വീക്കറ്റ് കൂടി പിഴുതെടുത്താല്‍ കേരളത്തിന് ജയിക്കാനാവും. ഹിമാചലിന് ജയിക്കാന്‍ 85 റണ്‍സ് കൂടി വേണം.
എം.പി.ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: