സൂറിച്ച്: അടുത്തവര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പുകളായി. ആതിഥേയരായ ബ്രസീലിനെതിരേ ജൂണ്‍ 12ന് സാവോ പോളോയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ക്രൊയേഷ്യ നേര്‍ക്കുനേര്‍ വരും. ആഫ്രിക്കന്‍ കരുത്തന്മാരായ കാമറൂണും മെക്സിക്കോയുമാണ് എ ഗ്രൂപ്പില്‍ ബ്രസീലിനും ക്രൊയേഷ്യയ്ക്കുമൊപ്പമുള്ള മറ്റ് രണ്ട് അംഗങ്ങള്‍. നെല്‍സണ്‍ മണ്ഡേലയുടെ വിയോഗത്തില്‍ ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് ബ്രസീലിലെ റിസോര്‍ട്ടായ കോസ്റ്റ് ഡൊ സൗയ്പെയില് നറുക്കെടുപ്പ് നടന്നത്.
നിലവിലെ ജേതാക്കളായ സ്പെയിനിനൊപ്പം ബി ഗ്രൂപ്പില്‍ ഹോളണ്ടും ചിലിയും ഓസ്ട്രേലിയയുമാണുള്ളത്. 2010 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ഹോളണ്ടും സ്പെയിനും വീണ്ടും മറ്റൊരു ലോകകപ്പില്‍ ആ വൈര്യം തുടരുന്നത് കാണാനാകും. പ്രവചനങ്ങള്ക്ക അതീതമായ ഗ്രൂപ്പാണ് സി. കൊളംബിയ, ഗ്രീസ്, ഐവറി കോസ്റ്റ്, ജപ്പാന് എന്നീ ടീമുകളാണ് സി ഗ്രൂപ്പിലുള്ളത്. ഇവരില്‍ ആരു വേണമെങ്കിലും മുന്നേറാമെന്ന അവസ്ഥ.
മൂന്ന് മുന്‍ ലോകകപ്പ് വിജയികളാണ് ഡി ഗ്രൂപ്പിലുള്ളത്. ഉറുഗ്വെയും ഇറ്റലിയും ഇംഗ്ലണ്ടും. അതിനാല്‍ തന്നെ മരണ ഗ്രൂപ്പെന്ന വിശേഷണം ഈ ഗ്രൂപ്പിന് ചാര്‍ത്തി നല്കപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം ഇറ്റലിക്കെതിരേ. ഗ്രൂപ്പിലെ മറ്റൊരംഗം കോസ്റ്റ റിക്കയും. മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഇ ഗ്രൂപ്പിലാണ്. സ്വിറ്റ്സര്‍ലന്‍ഡും ഇക്വഡോറും ഹോണ്ടുറാസും ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍.
എഫ് ഗ്രൂപ്പില്‍ നൈജീരിയ ബോസ്നിയ, ഇറാന് എന്നീ ടീമുകള്‍ക്കൊപ്പമാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന. 1978ലും 1986ലും കിരീടം നേടിയിട്ടുള്ള അര്‍ജന്റീനയുടെ ഉദ്ഘാടന മത്സരം പുതുമുഖങ്ങളായ ബോസ്നിയയ്ക്കെതിരെയാണ്. എന്നാല്‍ പ്ലേ ഓഫ് കളിച്ചെത്തിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ജി ഗ്രൂപ്പില്‍ പരീക്ഷണം കാത്തിരിക്കുന്നു. ജര്‍മനിയും ഘാനയും യുഎസ്എയുമാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. അടുത്ത ലോകകപ്പിന്റെ ആതിഥേയരായ റഷ്യ എച്ച് ഗ്രൂപ്പില്‍ ബെല്‍ജിയത്തിനും അള്ജീരിയയ്ക്കും ദക്ഷിണ കൊറിയയ്ക്കുമൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: