ബംഗളൂരു: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഇന്ന് കേരളത്തിന്റെ കിരീടധാരണം. നാലാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളം 22 സ്വര്‍ണ്ണവും 20 വെള്ളിയും 22 വെങ്കലവുമടക്കം 444 പോയിന്റ് നേടിയാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം എതിരാളികളില്ലാതെ കുതിക്കുന്നത്. കഴിഞ്ഞ വര്‍ഷം 21 സ്വര്‍ണ്ണമായിരുന്നു കേരളം നേടിയിരുന്നത്. ഇന്നലെ മാത്രം 5 സ്വര്‍ണ്ണവും 6 വെള്ളിയും നാല് വെങ്കലവുമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ പിടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 276.5 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഹരിയാനക്ക് 228.5 പോയിന്റുമാണുള്ളത്. കേരളം ലക്ഷ്യമിട്ട 500 പോയിന്റിലേക്ക് എത്താന്‍ ഇനി 56 പോയിന്റുകള്‍ മാത്രം മതി. അവസാന ദിവസമായ ഇന്ന് ഇത് സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് കേരള ക്യാമ്പ്.
നാലാം ദിവസമായ ഇന്നലെ മൂന്ന് പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ കേരളത്തിന്റെ ആതിര സുരേന്ദ്രനും അണ്ടര്‍ 16 ആണ്‍കുട്ടികളുടെ മെഡ്ലെ റിലേയില്‍ തമിഴ്നാട് ടീമും പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയപ്പോള്‍ അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ ഹരിയാനയുടെ നിര്‍ഭയ് സിംഗ് പുതിയ മീറ്റ് റെക്കോര്‍ഡും സ്വന്തമാക്കി.
വിവിധ വിഭാഗങ്ങളിലായി അലീഷ. പി.ആര്, ജിഷ. വി.വി., ആതിര സുരേന്ദ്രന്, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-100 മീറ്റര്‍ റിലേ എന്നിവയിലാണ് ഇന്നലെ കേരളത്തിന്റെ സുവര്‍ണ്ണനേട്ടം.
പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ കേളത്തിന്റെ ആതിര സുരേന്ദ്രന് പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 2008-ല്‍ തമിഴ്നാടിന്റെ ജി. ഗായാത്രി സ്ഥാപിച്ച 12.78 മീറ്ററിന്റെ റെക്കോര്‍ഡ് 12.86 മീറ്റര്‍ ചാടിയാണ് ആതിര തിരുത്തിക്കുറിച്ചത്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആതിര ട്രിപ്പിള്‍ജമ്പിലും ലോംഗ്ജമ്പിലും സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു. തന്റെ ആദ്യ ശ്രമത്തിലാണ് ആതിര ഈ ദൂരം താണ്ടിയത്. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ ജെനിമോള് ജോയി 12.29 മീറ്റര്‍ ചാടി വെങ്കലം കരസ്ഥമാക്കി.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹെപ്റ്റാത്ത്ലണില് കേരളം സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കി. 4296 പോയിന്റുമായി എം. അമൃത സ്വര്‍ണ്ണം നേടിയപ്പോള്‍ 4080 പോയിന്റുമായി മറീന ജോര്‍ജ് വെള്ളിമെഡല്‍ കരസ്ഥമാക്കി. 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണ്ണവും വെള്ളിയും കേരളം സ്വന്തമാക്കി. സംസ്ഥാന സ്കൂള്‍ മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേത്രി കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ കെ.ആര്. ആതിരയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്കൂള്‍ മീറ്റിലെ വെങ്കല മെഡല്‍ ജേതാവ് എറണാകുളം ജില്ലയിലെ പെരുമാനൂര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ അലീഷ. പി.ആര്. സ്വര്‍ണ്ണം സ്വന്തമാക്കിയത്. അലീഷ 10 മിനിറ്റ് 29.98 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ആതിര 10 മിനിറ്റ് 33.47 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണ്ണവും വെള്ളിയും കേരളം സ്വന്തമാക്കി. ഒരുമിനിറ്റ് 03.56 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വി.വി. ജിഷ സ്വര്‍ണ്ണവും ഒരുമിനിറ്റ് 04.37 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പി. മെര്ലിന് വെള്ളിയും കരസ്ഥമാക്കി. കഴിഞ്ഞ ദിവസം 400 മീറ്ററിലും ജിഷ. വി.വി. സ്വര്‍ണ്ണം നേടിയിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ കേരളത്തിന്റെ വി.സി. സ്വാതി 5.71 മീറ്റര്‍ ചാടി വെള്ളിമെഡല്‍ കരസ്ഥമാക്കി. 5.95 മീറ്റര്‍ ചാടിയ പശ്ചിമബംഗാളിന്റെ ബായിരാബി റോയിക്കാണ് സ്വര്‍ണ്ണം. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഒക്ടാത്തലണില് കേരളത്തിന്റെ മുഹമ്മദ് അഫ്സീര്‍ 5480 പോയിന്റ് നേടി വെങ്കലം കരസ്ഥമാക്കി. മഹാരാഷ്ട്രയുടെ അമോലക് സിംഗ് 5817 പോയിന്റ് കരസ്ഥമാക്കി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സ്വര്‍ണ്ണം കരസ്ഥമാക്കി. 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ പെന്റാത്ത്ലണില് കേരളത്തിന്റെ രാഹുല്‍ സിബി 3255 പോയിന്റ് നേടി വെള്ളിമെഡല്‍ സ്വന്തമാക്കി. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ഗോഡ്വിന് ഡാമിയന്‍ 4 മീറ്റര്‍ ചാടി വെങ്കലം സ്വന്തമാക്കി. 4.30 മീറ്റര്‍ ചാടിയ ഉത്തര്‍പ്രദേശിന്റെ ഗ്യാനേന്ദ്രസിംഗ് കുന്വറിനാണ് സ്വര്‍ണ്ണം. സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ കേരളത്തിന്റെ പി.വി. സുഹൈല്‍ 7.50 മീറ്റര്‍ ചാടി വെള്ളി കരസ്ഥമാക്കി. 7.54 മീറ്റര്‍ ചാടിയ പഞ്ചാബിന്റെ വിക്രംജിത്ത് സിംഗിനാണ് സ്വര്‍ണ്ണം.
20 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ അനസ്ബാബു. ഇ.ബി, അജിത് ഇട്ടി വര്‍ഗ്ഗീസ്, നസിമുദ്ദീന്. എം.എന്‍., ആര്. റോബിന് എന്നിവരടങ്ങിയ ടീം 41.97 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ. മഞ്ജു, ടി.എസ്. ആര്യ, കെ. രംഗ, സി. രംഗിത എന്നിവരടങ്ങിയ ടീം 47.73 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം കരസ്ഥമാക്കി.
അതേസമയം മെഡ്ലെ റിലേയില്‍ കേരളത്തിന് കനത്ത തിരിച്ചടി നേരിട്ടു. ഈയിനത്തില്‍ നിര്‍ണ്ണയിക്കപ്പെട്ട നാല് സ്വര്‍ണ്ണവും തമിഴ്നാട് കരസ്ഥമാക്കി. മീറ്റ് ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് 29 ഫൈനലുകള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: