ജോഹന്നസ്ബര്‍ഗ്: രണ്ട് ടെസ്റ്റുകളുടെയും മൂന്ന് ഏകദിനങ്ങളുടെയും പരമ്പരക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ ടീം ഇന്ത്യക്ക് ഇന്ന് ആദ്യ വെല്ലുവിളി. സ്വന്തം മണ്ണില്‍ ഓസ്ട്രേലിയയെയും വെസ്റ്റിന്‍ഡീസിനെയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ധോണിപ്പട ഇന്ന് ആദ്യ ഏകദിനത്തിനിറങ്ങുന്നത്.
സച്ചിന് യുഗത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിദേശ പര്യടനമെന്ന പ്രത്യേകതയും പരമ്പരക്കുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 5 മുതലാണ് മത്സരം. കരുത്തുറ്റ യുവനിരയാണ് ഇന്ത്യയുടെ ശക്തിയെങ്കിലും പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇവര്‍ എത്രത്തോളം മികവു തെളിയുക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. കൂടാതെ ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരിചയസമ്പത്ത് കുറഞ്ഞ താരനിരയാണ് ഇന്ത്യയുടേത്. ഓസ്ട്രേലിയയെയും വെസ്റ്റിന്‍ഡീസിനെയും നാട്ടിലെ ‘ചത്ത’ പിച്ചുകളിലാണ് പരാജയപ്പെടുത്തിയതെന്ന വിമര്‍ശനവും ഇന്ത്യ കേട്ടിരുന്നു. ഈ വിമര്‍ശനത്തിന് മറുപടി പറയുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും ധോണിക്കും സംഘത്തിനുമുണ്ട്.
ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ ശക്തി. ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയും, വിരാട് കൊഹ്ലിയുമടങ്ങുന്ന മുന്‍നിരയിലാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. യുവരാജ് സിംഗും സുരേഷ് റെയ്നയും അവസരത്തിനൊത്തുയര്‍ന്നാല്‍ ടീം ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്. അല്ലെങ്കില്‍ തിരിച്ചടിയാകും. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറിന്റേയും, ഷാമി മുഹമ്മദിന്റേയും സ്വിംഗ് ബൗളിംഗിലും പ്രതീക്ഷയേറെയാണ്. ഉപദേഷ്ടാവായുള്ള സഹീര്‍ഖാന്റെ സാന്നിധ്യവും ബൗളിംഗ് നിരക്ക് ആത്മവിശ്വാസം നല്‍കും. ഭുവനേശ്വറിനും മുഹമ്മദ് ഷാമിക്കും പുറമെ മൂന്നാം പേസറെ ടീമിലുള്‍പ്പെടുത്തുകയാണെങ്കില്‍ മോഹിത് ശര്‍മ്മക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക ആര്. അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും.
അതേസമയം അടുത്തിടെ സമാപിച്ച പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
ബാറ്റിംഗിലെ പോരായ്മയായിരുന്നു പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് വിനയായത്. ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ഈ പോരായ്മ തന്നെയാണ് ദക്ഷിണാഫ്രിക്കക്ക് പരിഹരിക്കേണ്ടതും. ഇന്ത്യയെ അപേക്ഷിച്ച് പരിചയസമ്പന്നരുടെ നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ്, ഹാഷിം ആംല, ഗ്രെയിം സ്മിത്ത്, ജാക്ക് കല്ലിസ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും.
അതുപോലെതന്നെ കരുത്തുറ്റ ബൗളിംഗ് നിരയും ദക്ഷിണാഫ്രിക്കക്ക് സ്വന്തമാണ്. ഡ്വെയ്ല് സ്റ്റെയിന് നയിക്കുന്ന പടയില്‍ ഫിലാന്‍ഡര്‍, മോണെ മോര്‍ക്കല്‍, സൊസൊബേ, ഇംമ്രാന്‍ താഹിര്‍, ഓള് റൗണ്ടര്‍ ജെ.പി. ഡുമ്നി എന്നിവരും ഉള്‍പ്പെടുന്നത് ഇന്ത്യന്‍ യുവനിരക്ക് കനത്ത വെല്ലുവിളിതന്നെയാണ്.
അതേസമയം, ഇന്നത്തെ മത്സരത്തോടുകൂടി ടീം ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കും. ഇന്നത്തെ മത്സരത്തില്‍ ഒരു റണ്‍ നേടുന്നതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമാകും. ഓസ്ട്രേലിയയെ മറികടന്നാണ് ടീം ഇന്ത്യ ഈ നേട്ടം കൈവരിക്കുക.
ഇപ്പോള്‍ ഓസ്ട്രേലിയയുടെ 1,82,881 റണ്‍സെന്ന റെക്കോര്‍ഡിന് ഒപ്പമാണ് ഇന്ത്യ. ഇന്ത്യ 841 ഏകദിനങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സ് നേടിയതെങ്കില്‍ ഓസ്ട്രേലിയക്ക് 825 ഏകദിനങ്ങളേ വേണ്ടിവന്നുള്ളൂ. ഇന്ത്യ 841 ഏകദിനത്തില്‍ നിന്ന് 423 ജയം നേടിയപ്പോള്‍ ഓസ്ട്രേലിയ 825 ഏകദിനത്തില്‍ നിന്ന് 505 ജയം നേടി. പാക്കിസ്ഥാന്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് റണ്‍വേട്ടയില്‍ ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും പിന്നില്‍ നില്‍ക്കുന്നത്. 807 മത്സരങ്ങളില്‍ നിന്നായി 1,71,982 റണ്‍സ് നേടിയ പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്.
ടീം ഇന്ത്യക്കൊപ്പം ക്യാപ്റ്റന്‍ ധോണിയും ഒരു റെക്കോര്‍ഡിന്റെ വക്കിലാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ കാത്തിരിക്കുന്നത്. ഇപ്പോള്‍ 151 ഏകദിനത്തില്‍ നിന്ന് 5,213റണ്‍സ് ധോണി നേടിയിട്ടുണ്ട്. 27 റണ്‍സ് കൂടി നേടിയാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ അഷറുദ്ദീന്റെ പേരിലുള്ള 5,239 റണ്‍സിന്റെ റെക്കോര്‍ഡ് ധോണിക്ക് മറികടക്കാനാവും. ഇന്ത്യക്കായി കൂടുതല്‍ ജയം നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡിലെത്താന്‍ ധോണിക്ക് ഇനി മൂന്നുജയം കൂടിമതി. 90 ജയത്തോടെ അഷറുദ്ദീനാണ് മുന്നില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: