ബംഗളൂരു: ഇരുപത്തിയൊമ്പതാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം എതിരാളികളില്ലാതെ കുതിക്കുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 167 പോയിന്റ് സ്വന്തമാക്കിയാണ് കേരളം ഏറെ മുന്നിലെത്തിയത്. 87.5 പോയിന്റുള്ള ഉത്തര്‍പ്രദേശാണ് രണ്ടാമത്. 73 പോയിന്റുമായി തമിഴ്നാട് മൂന്നാമതും 72.5 പോയിന്റുമായി ഹരിയാന നാലാമതും നില്ക്കുന്നു. രണ്ടാം ദിവസമായ ഇന്നലെ 6 സ്വര്‍ണ്ണവും 4 വെള്ളിയും 8 വെങ്കലവുമാണ് കേരളത്തിന്റെ കുട്ടികള്‍ ഇന്നലെ സ്വന്തമാക്കിയത്.
ഇന്നലെ രണ്ട് പുതിയ റെക്കോര്‍ഡുകളാണ് മീറ്റില്‍ പിറന്നത്. രണ്ടും ജമ്പിങ്ങ് പിറ്റില്‍ നിന്ന്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെയും അണ്ടര്‍ 20 ആണ്‍കുട്ടികളുടെയും ഹൈജമ്പിലാണ് രണ്ട് റെക്കോര്‍ഡുകളും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പശ്ചിമബംഗാളിന്റെ സ്വപ്ന ബര്മന് 1.71 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2010-ല്‍ കേരളത്തിന്റെ മരിയ മാനുവല്‍ സ്ഥാപിച്ച 1.68 മീറ്ററിന്റെ റെക്കോര്‍ഡാണ് സ്വപ്ന പഴങ്കഥയാക്കിയത്. അതേസമയം കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണപ്രതീക്ഷയായിരുന്ന എറണാകുളത്തിന്റെ ശ്രീനിത് മോഹനെ അട്ടിമറിച്ച് കര്‍ണാടകയുടെ ഹര്‍ഷിത്. എസ് പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 2008-ല്‍ തമിഴ്നാടിന്റെ യോഗ്രാജ് സ്ഥാപിച്ച 2.12 മീറ്ററിന്റെ റെക്കോര്‍ഡാണ് 2.13 മീറ്റര്‍ ചാടി ഹര്‍ഷിത് തിരുത്തിയത്. 2.11 മീറ്റര്‍ ചാടിയ കേരളത്തിന്റെ ശ്രീനിത് മോഹന്‍ വെള്ളിമെഡല്‍ നേടി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെ.കെ. വിദ്യ, ജാവലിന്‍ ത്രോയില്‍ ഗോപിക നാരായണന്, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡിബി സെബാസ്റ്റ്യന്‍, ഇതേ വിഭാഗം ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ സി. സിറാജുദ്ദീന്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്മോന് പൗലോസ്, അണ്ടര്‍ 20 വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.എന്‍. നസിമുദ്ദീന് എന്നിവരാണ് കേരളത്തിന് വേണ്ടി ഇന്നലെ സ്വര്‍ണ്ണം നേടിയത്.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എം.ഡി. താര, അണ്ടര്‍ 16 ജാവലിന്‍ ത്രോയില്‍ പി.കെ. വിഷ്ണുപ്രിയ, അണ്ടര്‍ 20 വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മരിയ ജൂലിയറ്റ് എന്നിവരാണ് ശ്രീനിത്ത് മോഹന്‍ പുറമെ വെള്ളിമെഡല്‍ കരസ്ഥമാക്കിയത്.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 10000 മീറ്റര്‍ നടത്തത്തില്‍ കെ. മേരി മാര്‍ഗരറ്റ്, 5000 മീറ്ററില്‍ പി.ഡി. വിഭിത, ഇതേ വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ആല്ബിന് സണ്ണി, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വര്‍ഷ. എം.വി, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ഒ. സയന, 18 വയസ്സിന് താഴെയുള്ളവരുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൗമ്യ വര്‍ഗ്ഗീസ്, അണ്ടര്‍ 20 സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടി.എസ്. ആര്യ, അണ്ടര്‍ 16 വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ. ഷംനാസ് എന്നിവരാണ് കേരളത്തിന്റെ വെങ്കല മെഡല്‍ ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: