പൂര്‍വാചാരമനുസരിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് എത്തണമെങ്കില്‍ തുലാമാസം മുതലേ തയ്യാറെടുക്കണം. തൊണ്ണൂറുദിവസം സാത്വികതയില്‍ സഞ്ചരിച്ച് വിളക്കിന് പോകുകയായിരുന്നു പതിവ്. വിളക്കെന്നാല്‍ മകരവിളക്ക്. മകരവിളക്കെന്നാല് പൊന്നമ്പല മേട്ടില്‍ തെളിയുന്ന ജ്യോതിസ്സല്ല. പന്തളം രാജാവിന്റെ മേല്നോട്ടത്തില്മാളികപ്പുറത്തുനിന്ന് നടത്തുന്ന പ്രത്യേക വിളക്കെഴുന്നള്ളിപ്പാണ് മകരവിളക്ക്. മുമ്പ് ശബരിമലയിലെ പ്രധാനവിശേഷവും ഇതായിരുന്നു.
ശബരിമലക്ഷേത്രം പുനരുദ്ധരിച്ച് പൂജാക്രമങ്ങളും വിശേഷങ്ങളും നിശ്ചയിച്ചപ്പോള്‍ മുതല്‍ പന്തളം കൊട്ടാരത്തില്‍നിന്ന് ഈ ആചാരങ്ങള്‍ കടുകിട തെറ്റാതെ പാലിച്ചുപോരുന്നുണ്ട്. മകരസംക്രമത്തിന് മണികണ്ഠന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും ധനു 28 ന് ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവാഭരണങ്ങള്‍ പന്തളം രാജാവിന്റെ മേല്‍നോട്ടത്തില്‍ ശബരിമലയിലേക്ക് കൊണ്ടുപോകും. കുടുംബത്തിലെ തലമുതിര്‍ന്ന തമ്പുരാന് മൂപ്പുമുറയനുസരിച്ച് വലിയ തമ്പുരാനായി സ്ഥാനമേറ്റുകഴിഞ്ഞാല്‍ പിന്നീട് ശബരിമല ദര്‍ശനത്തിന് പോകാറില്ല. പിതൃതുല്യനായ വലിയതമ്പുരാന്‍ എത്തിയാല്‍ അയ്യപ്പന് എഴുന്നേറ്റ് വണങ്ങേണ്ടിവരുമെന്നാണ് വിശ്വാസം. അതൊഴിവാക്കുവാന്‍ വലിയ തമ്പുരാന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് രാജകുടുംബത്തില്‍ നിന്ന് ഒരുപ്രതിനിധിയെ നിശ്ചയിക്കും. ഇദ്ദേഹത്തെ വലിയ തമ്പുരാന് തന്റെ ആള്‍പ്പേരായി നിയോഗിച്ച് ഉടവാള് നല്കി തിരുവാഭരണത്തെ അനുഗമിക്കുവാനും ശബരിമലയിലെ വിളക്കുത്സവത്തില്‍ മേല്‍നോട്ടം വഹിക്കുവാനും ചുമതലപ്പെടുത്തുന്നു.
വി. സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: