വരാകീ സൃഷ്ടിശഫരീ സ്ഫുരന്തീ ഭവപല്വലേ
കൃതാന്തവൃദ്ധഗൃദ്ധ്രേണ ശഠേന വിനിഗൃഹ്യതേ
വസിഷ്ഠന് തുടര്‍ന്നു: ലോകം നിലനില്ക്കുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നത് ഇന്ദ്രിയങ്ങളും അവയുടെ പരിമിതപ്രഭാവവും മറ്റുപാധികളും ആശകളുടെ പ്രബലമായ കയറുകൊണ്ട് കോര്‍ത്തൊരുക്കി വച്ചിട്ടുള്ളതുകൊണ്ടാണ്. എന്നാല്‍ ഈ ലോകം തരളമായ വള്ളിച്ചെടിപോലെ ലോലമാണ്. പ്രാണന്റെ ഓരോ ചലനത്തിലും അതാടിയുലയുന്നു. അതില്‍ എല്ലാത്തരം ജീവികളും ഉതിര്‍ന്നുവീണു നാശമടയുന്നു. എന്നാല്‍ അനേകം മഹാത്മാക്കള്‍ പ്രത്യക്ഷലോകമെന്ന ചെളിക്കുണ്ടില്‍ നിന്നും കരയേറി എല്ലാ സംശയങ്ങളും തീര്‍ന്ന് കുറച്ചുകാലം കഴിഞ്ഞു കൂടിയതായി നമുക്കറിയാം. അവരാണ് ദിവ്യന്മാര്. നീലാകാശത്തിലെ താമരപോലെ അവര്‍ വിരാജിക്കുന്നു.
എന്നാല്‍ സൃഷ്ടിയില്‍, കര്‍മങ്ങള്‍ എന്നത് വ്യര്‍ഥമായ ആശകളുടെ അഴുക്കുപിടിച്ച താമരയാണ്. അവയുടെ ഫലങ്ങള്‍ ചാലകസ്വഭാവമാകുന്ന ഗന്ധം പേറുന്ന മനസീകോപാധികളത്രേ. ‘പ്രത്യക്ഷലോകം എന്നത് അനന്തതയിലെ ഒരു ചെറിയ മത്സ്യം മാത്രമാണ്. അതിനെ അജയ്യനും ഭീകരരൂപിയുമായൊരു ഗരുഡന്, കൃതാന്തന്‍, ഉടനെതന്നെ പിടിച്ചു വിഴുങ്ങുന്നു.’ (കൃതാന്തം എന്നാല്‍ കര്‍മത്തിന്റെ അന്ത്യം)
എങ്കിലും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍, കടലലകള്‍ പോലെ ഓരോദിവസവും ഉണ്ടായി മറയുന്നു. കാലമെന്ന കുശവന് അവന്റെ ചക്രത്തിലെന്നപോലെ ഇതെല്ലാം നടത്തിക്കൊണ്ടിരിക്കുന്നു. കാലമെന്ന കാട്ടുതീയില്‍പ്പെട്ട് എണ്ണമൊടുങ്ങാത്ത സൃഷ്ടികളാകുന്ന കാടുകള്‍ കത്തിയൊടുങ്ങിയിരിക്കുന്നു ! അതാണ് സൃഷ്ടിയുടെ അവസ്ഥ.
ഇതൊക്കെയാണെങ്കിലും അജ്ഞാനി തന്റെ തെറ്റിദ്ധാരണകളില്‍ ആണ്ട് മുഴുകിയിരിക്കുന്നതിനാല്‍ ലോകത്തിന്റെ ക്ഷണികതയോ തനിക്ക് അടിക്കടി കിട്ടിക്കൊണ്ടിരിക്കുന്ന അടികളോ അവനെ ഉണര്‍ത്താന്‍ പര്യാപ്തമാകുന്നില്ല. ഈ മനോപാധികള്‍, സ്വയം ഉണ്ടാക്കിയ പരിമിതികള്‍, ദേവരാജാവായ ഇന്ദ്രന്റെ ശരീരം പോലെ നിലനിന്നുപോകുന്നു. എന്നാല്‍ ഇതിനിടയില്‍ ആകസ്മികമായി ചില ദിവ്യാത്മാക്കള്‍ അവരുടെ നിത്യശുദ്ധസ്വരൂപവുമായി അവതരിക്കപ്പെടുന്നുമുണ്ട്.
ലോകത്തുള്ള സ്ഥാവരവസ്തുക്കള്‍ ചലനമില്ലാതെ കാലത്തിന്റെ കനിവിനുവേണ്ടി കാത്തു നില്ക്കുന്നതുപോലെ, ധ്യാനനിരതരായി കഴിയുന്നതായി തോന്നുന്നു. ചലനസ്വഭാവമുള്ളവ വിപരീത ദ്വന്ദശക്തികളുടെ പ്രഭാവത്തില്‍ ചാഞ്ചാടി രാഗദ്വേഷങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, സുഖദുഖങ്ങള്‍, എന്നിവ അനുഭവിച്ച് വാര്‍ധക്യം, മരണം, എന്നിവയിലൂടെ പലവട്ടം കടന്നുപോകുന്നു. അവയില്‍ കൃമികീടങ്ങള്‍ അവരുടെ കര്‍മഫലങ്ങള്‍ ശാന്തരായി അനുഭവിച്ച് ക്ഷമയോടെ ധ്യാനനിരതരായി കാലം കഴിച്ചുകൂട്ടുന്നു എന്ന് പറയാം. എങ്കിലും കാലം (കാലന്) എല്ലാ ധ്യാനചിന്തകള്‍ക്കും അതീതനാണ്. അതെല്ലാത്തിനെയും ഇല്ലാതാക്കുന്നു.
വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ
വിവ: ഡോ. എ.പി.സുകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: