ഡുനെഡിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആതിഥേയരായ ന്യൂസിലാന്റ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നു. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ റോസ് ടെയ്ലറുടെയും (103 നോട്ടൗട്ട്), ബ്രണ്ടന്‍ മക്കുല്ലത്തിന്റെയും (109 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ച്വറികളുടെ കരുത്തില്‍ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ മികച്ച പ്രകടനമാണ് ഓപ്പണര്‍മാരായ ഫുള്‍ടണും റൂതര്‍ഫോര്‍ഡും ചേര്‍ന്ന് നടത്തിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 62 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ ഡിയോനരേയ്ന്റെ കൈകളിലെത്തിച്ച് ഷില്ലിംഗ്ഫോര്ഡാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. തുടര്‍ന്നെത്തിയ റഡ്മോണ്ടിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 20 റണ്‍സെടുത്ത റഡ്മോണ്ടിനെ ടിനോ ബെസ്റ്റ് സാമുവല്‍സിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 2ന് 117. പിന്നീട് ഫുള്‍ടണും റോസ് ടെയ്ലറും ചേര്‍ന്ന് സ്കോര്‍ 185 റണ്‍സിലെത്തിച്ചു. അര്‍ദ്ധസെഞ്ച്വറി പിന്നിട്ട് മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഫുള്‍ടണെ (61) സമിയുടെ പന്തില്‍ എഡ്വാര്‍ഡ്സ് പിടികൂടിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട് ടെയ്ലര്ക്കൊപ്പം ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം ഒത്തുചേര്‍ന്നതോടെ വിന്‍ഡീസിന്റെ പിടിയയഞ്ഞു. ഏറെക്കുറെ ഏകദിന ശൈലിയില്‍ ബാറ്റ്വീശിയ ബ്രണ്ടന്‍ മക്കുല്ലം 101 പന്തുകളില്‍ നിന്നാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 13 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഇന്നിംഗ്സിന് അകമ്പടിയേകി. മൂന്നുവര്‍ഷത്തിനുശേഷമാണ് മക്കുല്ലം സെഞ്ച്വറി നേടുന്നത്. റോസ് ടെയ്ലര് 150 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളോടെയാണ് 100 കടന്നത്. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 182 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിന്‍ഡീസിന് വേണ്ടി ടിനോ ബെസ്റ്റ്, ഷില്ലിംഗ്ഫോര്‍ഡ്, ഡാരന്‍ സമി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: