മാഡ്രിഡ്: അപരാജിത കുതിപ്പ് നടത്തിയിരുന്ന നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് സ്പാനിഷ് ലീഗില്‍ ഇരുട്ടടി. സൂപ്പര്‍താരം മെസ്സിയുടെ അഭാവത്തില്‍ ഗോളടി മറന്ന ബാഴ്സലോണയെ അത്ലറ്റിക് ബില്‍ബാവോയാണ് ഏകപക്ഷീയമായ ഒരുഗോളിന് അട്ടിമറിച്ചത്. ഈ സീസണില്‍ ലാ ലീഗയില്‍ ബാഴ്സയുടെ ആദ്യ തോല്‍വിയാണിത്. കഴിഞ്ഞ 14 മത്സരങ്ങളില്‍ ഒരു സമനില മാത്രം വഴങ്ങി അപരാജിത കുതിപ്പ് നടത്തിയ ബാഴ്സക്ക് ഈ തോല്‍വി അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടടിയായി. കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ അയാക്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന് പിന്നാലെയാണ് ലാ ലീഗയിലേറ്റ തിരിച്ചടി. കഴിഞ്ഞ നാല് സീസണുകളിലായി മെസ്സിയില്ലാതെ ബാഴ്സ കളിച്ച 19 മത്സരങ്ങളില്‍ ആദ്യ പരാജയമാണിത്. 16 വിജയവും 2 സമനിലയും അവര്‍ നേടിയിരുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരം അവസാനിക്കാന്‍ 20 മിനിറ്റുകള്‍ ബാക്കിനില്‍ക്കേ സ്പാനിഷ് വിംഗര്‍ ഇകര്‍ മുനിയന്‍ നേടിയ ഗോളാണ് കറ്റാലന്‍ പടയുടെ കഥകഴിച്ചത്. മാര്‍ക്കല്‍ സുസേറ്റയുടെ ക്രോസ് സ്വീകരിച്ച് ബോക്സിന് മധ്യത്തുനിന്ന് ഇകര്‍ തൊടുത്ത വലംകാലന്‍ ഷോട്ട് ബാഴ്സ ഗോപി പിന്റോ കൊളറാഡോയെ മറികടന്ന് വലയില്‍ പതിച്ചു. ബാഴ്സയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് മുനിയന്‍ ഗോള്‍ നേടിയത്. മത്സരത്തില്‍ 62 ശതമാനവും പന്ത് കൈവശം വച്ചത് ബാഴ്സയുടെ ലോകോത്തര താരങ്ങളായിരുന്നെങ്കിലും മെസ്സിയെപ്പോലൊരു സൂപ്പര്‍ സ്ട്രൈക്കറുടെ അഭാവം കറ്റാലന്‍ നിരയില്‍ മുഴച്ചുനിന്നു. മെസ്സിയൊഴിച്ചുള്ള താരനിര മുഴുവന്‍ അണിനിരന്നിട്ടും ഗോളടിക്കാന്‍ മറന്നത് അവര്‍ക്ക് തിരിച്ചടിയായി. നെയ്മര്‍, ആന്ദ്രെ ഇനിയേസ്റ്റ, സാവി, ഫാബ്രഗസ്, അലക്സി സാഞ്ചസ് എന്നിവര്‍ നിരവധി അവസരങ്ങളാണ് തുലച്ചുകളഞ്ഞത്. പരാജയപ്പെട്ടെങ്കിലും ലീഗില്‍ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്സക്ക് 15 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനും 40 പോയിന്റുണ്ടെങ്കിലും ഗോള്‍ ആവറേജില്‍ പിന്നിലാണ്. 15 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് മൂന്നാമത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ വലന്‍സിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഒസാസുനയെ കീഴടക്കി ഉജ്ജ്വല വിജയം സ്വന്തമാക്കി. 16-ാം മിനിറ്റില്‍ ഫ്രാന്‍സിസ്കോ പുനാല് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം 10 പേരുമായി കളിച്ച ഒസാസുനയെ ഒളിവേരയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് വലന്‍സിയ തകര്‍ത്തത്. മറ്റ് മത്സരങ്ങളില്‍ സെവിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രനാഡ എഫ്സിയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ ബെറ്റിസ്-റയോ വയ്യകാനോ പോരാട്ടം 2-2ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: