കൊച്ചി: മുപ്പത്തിയൊന്നാമത് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ മീറ്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പുരുഷ-വനിതാ വിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സാ കോളേജാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. പുരുഷ വിഭാഗത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജാണ് രണ്ടാമത്.
വനിതാ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമടക്കം അസംപ്ഷന്‍ 75 പോയിന്റും മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം പാലാ അല്‍ഫോണ്‍സക്ക് 64 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്ത് 45 പോയിന്റുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജാണ് നില്‍ക്കുന്നത്. മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് മാര്‍ അത്തനേഷ്യസ് സ്വന്തമാക്കിയിട്ടുള്ളത്.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ അത്തനേഷ്യസ് രണ്ടാം സ്ഥാനത്തുള്ള സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജിനേക്കാള്‍ ഏറെ മുന്നിലാണ്. മാര്‍ അത്തനേഷ്യസ് 6 വീതം സ്വര്‍ണ്ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 90 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ ചങ്ങനാശ്ശേരി സെന്റ്ബെര്ക്ക്മാന്സ് കോളേജ് നാല് വെള്ളിയും 6 വെങ്കലവുമടക്കം 51 പോയിന്റാണ് നേടിയിട്ടുള്ളത്. മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 38 പോയിന്റുമായി പാലാ സെന്റ് തോമസ് കോളേജാണ് മൂന്നാമത്.
ഇന്നലെ നടന്ന 19 ഫൈനലുകളില്‍ നാല് പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. ഇതില്‍ മൂന്നും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് കരസ്ഥമാക്കി. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിന്റെ ആല്ഫിന്. വി.പി, വനിതകളുടെ 400 മീറ്ററില്‍ മാര്‍ അത്തനേഷ്യസിന്റെ തന്നെ അനില്‍ഡ തോമസ്, പുരുഷന്മാരുടെ ഹൈജമ്പില്‍ മാര്‍ അത്തനേഷ്യസ് കോളേജിന്റെ മീരാന്‍ ജോ സെബാസ്റ്റിയന്, ജാവലിന്‍ ത്രോയില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിന്റെ അരുണ്‍ ബേബി എന്നിവരാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്.
വനിതകളുടെ 100 മീറ്ററില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ കെ. മഞ്ജുവും പുരുഷവിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ അനുരൂപ് ജോണും മീറ്റിലെ വേഗതയേറിയ താരങ്ങളായി.
അനുരൂപ് 10.74 സെക്കന്റിലും മഞ്ജു. കെ 12.47 സെക്കന്റിലും ഫിനിഷ് ചെയ്താണ് മീറ്റിലെ ഫാസ്റ്റസ്റ്റായത്. വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെറിന്റു മാത്യു 12.62 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ അശ്വതി മോഹന്‍ 12.63 വെങ്കലവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജിലെ അജിത്ത് ഇട്ടി വര്‍ഗ്ഗീസ് 11.01 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും തേവര എസ്എച്ച് കോളേജിലെ സുജിത്ത് കുട്ടന് 11.14 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി. ലോക സ്കൂള്‍ മീറ്റില്‍ മെഡല്‍ നേടി ചരിത്രം കുറിച്ച ബിനീഷ് കെ. ഷാജിക്ക് 100 മീറ്റര്‍ മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിക്കാനായില്ല. എന്നാല്‍ ലോംഗ്ജമ്പില്‍ 6.81 മീറ്റര്‍ ചാടി ബിനീഷ് കെ. ഷാജി വെള്ളിമെഡല്‍ കരസ്ഥമാക്കി.
മാര്‍ അത്തനേഷ്യസ് കോളേജിന്റെ ജിതിന് തോമസിനാണ് ഈയിനത്തില്‍ സ്വര്‍ണ്ണം. 6.84 മീറ്ററാണ് ജിതിന് താണ്ടിയത്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ ജ്യോതികൃഷ്ണ 14.71 സെക്കന്റില്‍ പറന്നെത്തി സ്വര്‍ണ്ണം സ്വന്തമാക്കി. കോട്ടയം ബിസിഎം കോളേജിന്റെ ശാലിനി ജോസഫ് വെള്ളിയും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിന്റെ മരിയ ജൂലിയറ്റ് വെങ്കലവും കരസ്ഥമാക്കി.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: