ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെ വധിക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ നീക്കം സജീവമെന്ന് റിപ്പോര്‍ട്ട്.
മോദിയെ വധിക്കാനുള്ള പദ്ധതിക്ക് ഐഎസ്‌ഐ അന്തിമരൂപം നല്‍കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയെ കൊലപ്പെടുത്താന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ഐഎസ്‌ഐ വാടകയ്‌ക്കെടുത്തെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്.
പാട്നയില്‍ മോദിയുടെ ഹുങ്കാര്‍ റാലിക്കിടെയുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ കുറിപ്പിലാണ് ഈ വിവരങ്ങളുള്ളത്.
മോദിക്കു സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ (എസ്പിജി) സംരക്ഷണം നല്‍കണമെന്ന ബിജെപിയുടെ ആവശ്യത്തെ സാധൂകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമേ എസ്പിജി സുരക്ഷ നല്‍കുകയുള്ളുവെന്നുപറഞ്ഞ് ബിജെപിയുടെ ആവശ്യം ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു.
സൗദി അറേബ്യയിലെ ഭീകര ശൃംഖലകളും മോദിയെ ലക്ഷ്യമിടുന്നെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ചാവേര്‍ സ്ഫോടനം, മോദിയുടെ വാഹന വ്യൂഹനത്തിനു നേരെ മിസെയില്‍ ആക്രമണം, വാഹനത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു സഞ്ചാരപാതയില്‍ ഉപേക്ഷിച്ച ശേഷമുള്ള ആക്രമണം തുടങ്ങിയവ അവരുടെ പദ്ധതികളില്‍പ്പെടുന്നു. മോദിയുടെ സുരക്ഷാക്രമീകരണങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ചില ഭീകരരെ ലഷ്ക്ര് ഇ തൊയ്ബ നിയോഗിച്ചേക്കുമെന്ന ആശങ്കയും രഹസ്യാന്വേഷണവൃത്തങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ട്.
















