ഭോപ്പാല്‍: തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധനയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് വക്കീല്‍ നോട്ടീസയച്ചു.
ശിവരാജ് സിംഗ് ചൗഹാന്‍ ഔദ്യോഗിക വസതിയില്‍ നോട്ടെണ്ണുന്ന യന്ത്രം സൂക്ഷിക്കുന്നുവെന്നും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും കരാറുകള്‍ യഥേഷ്ടം നല്‍കുന്നുവെന്ന് പത്രങ്ങളും ഇന്റര്‍നെറ്റും മുഖേന പരസ്യം നല്‍കിയെന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.
പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ അതേവലിപ്പത്തില്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും മാപ്പപേക്ഷിക്കുന്നതായും രണ്ടാഴ്ചയ്‌ക്കുള്ളില്‍ വീണ്ടും പരസ്യം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യാത്ത പക്ഷം 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
നവംബര്‍ 13ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച തെറ്റായ പരസ്യത്തിലൂടെ തനിക്കും കുടുംബത്തിനും മാനഹാനിയും മനോവേദനയും ഉണ്ടായതായി മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന് അയച്ച മറ്റൊരു നോട്ടീസിലും പറയുന്നുണ്ട്.
















