കണ്ണൂറ്: ചേച്ചിമാരെ നടന്ന് തോല്പിച്ച കൊച്ചുമിടുക്കി ജില്ലാ റവന്യൂ സ്കൂള്‍ കായിക മേളയില്‍ താരമായി. കിഡ്ഡീസ് വിഭാഗത്തില്‍ മത്സരത്തിനെത്തിയ അലിനാ കെ.ഡെനിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളെ നടത്ത മത്സരത്തില്‍ തോല്പിച്ചത്. പയ്യന്നൂറ് ഉപജില്ലയിലെ കോഴിച്ചാല്‍ സ്കൂളിലെ ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിനി അലീന ൫൦൦൦ മീറ്റര്‍ നടത്ത മത്സരത്തിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. സീനിയര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളോട് മത്സരിച്ച അലീനക്ക് നേരിയ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. കിഡ്ഡീസ് വിഭാഗത്തില്‍ പ്രത്യേക മത്സരം നടക്കാത്തതിനാലാണ് അലീന സീനിയര്‍ വിഭാഗത്തിലെ കുട്ടികളുടെ കൂടെ മത്സരത്തിനിറങ്ങിയത്. മുതിര്‍ന്ന കുട്ടികളുടെ കൂടെ മത്സരത്തിനിറങ്ങിയ അലീനയെ തുടക്കത്തില്‍ ആരും ഗൗനിച്ചില്ലെങ്കിലും മത്സരം പുരോഗമിച്ചതോടെയാണ് മത്സരാര്‍ത്ഥികളും കാണികളും ഗൗരവത്തിലെടുത്തത്. നടന്ന് തോല്പിക്കാമെന്നാണ് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ കരുതിയത്. എന്നാല്‍ ഒന്നാമതെത്തുമെന്ന വാശിയിലായിരുന്നു അലീന. ൫൦൦൦ മീറ്റര്‍ യാതൊരു ക്ളേശവും കൂടാതെ അലീന നടന്ന് തീര്‍ത്തപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ പലരും തളര്‍ന്ന് പോയിരുന്നു. ഒടുവില്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ കോഴിച്ചാല്‍ സ്കൂളിലെ അജിനാകൃഷ്ണന് മാത്രമെ അലീനക്ക് മുന്നിലുണ്ടായിരുന്നുള്ളു. എല്ലാ ദിവസവുമുള്ള കഠിന പരിശീലനമാണ് വിജയരഹസ്യമെന്ന് അലീന പറഞ്ഞു. പരിശീലനത്തിന് മഴയോ വെയിലോ ഒന്നും തന്നെ തടസ്സമല്ല. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണ പിന്തുണയും അലീനക്കുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നത് മുതിര്‍ന്ന താരങ്ങളാണെന്ന് ശ്രദ്ധിച്ചതേയില്ലെന്നും അലീന പറഞ്ഞു. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും അലീന തന്നെയായിരുന്നു ഇന്നലെ മേളയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: