ഫ്ലോറിഡ: ഹോസെ മൊറീഞ്ഞോയുടെ ചെല്‍സിയെ തകര്‍ത്ത് റയല്‍മാഡ്രിഡിന് കിരീടം. ഗിന്നസ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിന്റെ ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ചെല്‍സിയെ തകര്‍ത്തുവിട്ടത്. രണ്ട് ഗോളുകള്‍ നേടിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ വിജയശില്‍പ്പി. ഒരു ഗോള്‍ മാഴ്സെലോയും നേടി. ചെല്‍സിയുടെ ഏകഗോള്‍ നേടിയത് റാമിറെസാണ്.
തങ്ങളുടെ മുന്‍ പരിശീലകനും ഇപ്പോള്‍ ചെല്‍സിയുടെ കോച്ചുമായ ഹോസെ മൊറീഞ്ഞോയുടെ ടീമിനെതിരായ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 14-ാം മിനിറ്റില്‍ റയല്‍ മുന്നിലെത്തി. ചെല്‍സി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റയല്‍ പ്രതിരോധനിരതാരം മാഴ്സെലോയാണ് ആദ്യ ഗോള്‍ നേടിയത്. ലീഡ് വഴങ്ങിയതോടെ ശക്തമായി തിരിച്ചടിച്ച ചെല്‍സി രണ്ട് മിനിറ്റിനകം സമനില പിടിച്ചു.
റാമിറസാണ് ഗോള്‍ നേടിയത്. പിന്നീട് 31-ാം മിനിറ്റില്‍ റയല്‍ വീണ്ടും ലീഡ് നേടി. ഇത്തവണ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ റയലിനെ മുന്നിലെത്തിച്ചത്. അവര്‍ക്ക് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. 25 വാര അകലെനിന്ന് റൊണാള്‍ഡോ എടുത്ത കിക്ക് ചെല്‍സി പ്രതിരോധമതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിച്ചു. ആദ്യപകുതിയില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.
പിന്നീട് മത്സരത്തിന്റെ 56-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി ചെല്‍സി വല കുലുക്കിയതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
മറ്റൊരു മത്സരത്തില്‍ എസി മിലാന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലോസ് ആഞ്ചലസ് ഗാലക്സിയെ കീഴടക്കി ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടി. മിലാന് വേണ്ടി 17-ാം മിനിറ്റില്‍ മരിയോ ബലോട്ടെല്ലിയും 40-ാം മിനിറ്റില്‍ നിയാംഗും ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: