മരട്: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നതിനിടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടിയത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി. രജിസ്ട്രേഷന് വകുപ്പില്‍ നിന്നും, വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്കാണ് ഫീസ് നിരക്കുകള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചത്. രാഷ്ട്രീയ വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്ന സമയം നോക്കിയാണ് നിരക്കു വര്‍ധനവ് പ്രഖ്യാപിച്ചത് എന്നതിനാല്‍ ഇക്കാര്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയോ എതിര്‍പ്പുകള്‍ ഉയരുകയോ ചെയ്തില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും അപേക്ഷ നല്കി ഫീസടക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തുമ്പോഴാണ് കൂട്ടിയ നിരക്കു കേട്ട് ജനം അന്തം വിടുന്നത്.
വില്ലേജ് ഓഫീസുകള്‍ വഴി സൗജന്യമായും അഞ്ചു രൂപ മാത്രം ഫീസ് അടച്ചും വാങ്ങിയിരുന്ന ഇരുപതോളം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ചുരുങ്ങിയത് 30 രൂപയെങ്കിലും ചെലവാക്കേണ്ട സ്ഥിതിയാണുള്ളത്. എറണാകുളം ഇ-ജില്ല ആയി പ്രഖ്യാപിച്ചതിനാലുള്ള ദുരിതമാണ് ഏറെയും. അപേക്ഷകള്‍ സ്വീകരിക്കുന്നത് അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രമാണ്. രേഖകള്‍ സ്കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് 2 രൂപയാണ് നിരക്ക്. അക്ഷയ കേന്ദ്രത്തിലെ സര്‍വ്വീസ് ചാര്‍ജ്ജായി പത്തു രൂപ വേറെയും നല്‍കണം. സബ് രജിസ്റ്റാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട രേഖകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഫീസ് നിരക്ക് അഞ്ചിരട്ടിയോളമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 വര്‍ഷത്തെ തെരച്ചില്‍ നടത്തി ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുവാന്‍ അന്‍പതു രൂപ ഫീസ് ഈടാക്കി വന്ന സ്ഥാനത്ത് ആഗസ്റ്റ് മുതല്‍ 270 എഴുപതു രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഈ ഒരിനത്തില്‍ മാത്രം 220 രൂപയുടെ വര്‍ധനവുണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കൂട്ടിയത് ബിപിഎല്‍, പിന്നോക്ക വിഭാഗങ്ങള്‍ക്കും ദുരിതമായിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളും മറ്റും ഫീസില്ലാതെയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സേവനത്തിന് ഇവര്‍ക്ക് ഇളവ് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: