ഡെറാഡൂണ്‍: പ്രളയം ദുരന്തംവിതച്ച കേദാര്‍നാഥിലെ അവശിഷ്ട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി. പ്രതികൂല കാലവസ്ഥയും അത്യാധുനിക യന്ത്രോപകരണങ്ങളുടെ അഭാവവുമാണ് അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നതിന് പ്രതിബന്ധം തീര്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സംഘങ്ങളിലെ ഭൂരിഭാഗം അംഗങ്ങളും പിന്‍വാങ്ങിക്കഴിഞ്ഞു.
ഡോക്ടര്‍മാരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കുന്ന സംഘങ്ങളാണ് കേദാര്‍നാഥില്‍ ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഒരു ശവശരീരം പോലും നീക്കം ചെയ്യാന്‍ സംഘത്തിനായിട്ടില്ല. ഗുഹകള്‍ക്കുള്ളിലെ അവശിഷ്ടങ്ങളും അതേപടി കിടക്കുന്നു. അടിക്കടിയുള്ള മഴയാണ് മാലിന്യ നിര്‍മാര്‍ജന പ്രകൃയകള്‍ അവതാളത്തിലാകുന്നതിന് പ്രധാന കാരണം. വലിയ ഉപകരണങ്ങളുടെ സ്പെയര്‍പാര്‍ട്സുകള്‍ വിമാനത്തിലോ ഹെലികോപ്റ്ററിലോ കേദാര്‍നാഥില്‍ എത്തിച്ചശേഷം മാത്രമെ കൂട്ടി യോജിപ്പിക്കാനാവു. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം വ്യോമഗതാഗതത്തിന് വിഘാതം സൃഷ്ടിക്കുന്നു. അതിനാല്‍ത്തന്നെ യന്ത്രസാമഗ്രികള്‍ കിട്ടാതെ സന്നദ്ധ പ്രവര്‍ത്തകര്‍ വലയുകയാണ്.
കേദാര്‍നാഥ് ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിലെ നിര്‍മിതകളില്‍ പലതും പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇവ നീക്കം ചെയ്യുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. അവശ്യംവേണ്ട യന്ത്രങ്ങളുടെ അഭാവത്തില്‍ ആ ദൗത്യത്തിലേക്ക് എടുത്തചാടേണ്ടെന്നാണ് ശൂചീകരണ സംഘാംഗങ്ങളില്‍ ഏറെപ്പേരുടെയും നിലപാട്. അതേസമയം, ഭക്തര്‍ക്ക് സഞ്ചരിക്കാന്‍ പാകത്തില്‍ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നുണ്ട്. എന്നാല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാതെ യാതൊരു നിര്‍മിതികളും സാധ്യമല്ലെന്നതാണ് യാഥാര്‍ഥ്യം.
















