കെയ്‌റോ: ഈജിപ്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മൊഹമ്മദ് എല്‍ബരാദിയെ നിയമിച്ചതില്‍ അവ്യക്തത തുടരുന്നു. ഇടക്കാല പ്രസിഡന്റായി ചാര്‍ജെടുത്ത അഡ്ലി മന്‍സോറാണ് എല്‍ബരാദിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ തീരുമാനിച്ചത്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മൊഹമ്മദ് മൊര്‍സിയുടെ കടുത്ത വിമര്‍ശകനാണ് എല്‍ബരാദി.
ഇടക്കാല പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മറ്റ് പാര്‍ട്ടികള്‍ക്കുള്ള അതൃപ്തിയാണ് നിയമനത്തിലെ അവ്യക്തതക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൊര്‍സിയെ പിന്തുണക്കുന്നവര്‍ക്കും എല്‍ബരാദി സ്വീകാര്യനല്ല. രാജ്യം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന അവസരത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് എല്‍ബരാദിയുടെ നിയമനം നിര്‍ത്തിവെച്ചതെന്നും പറയപ്പെടുന്നു. എന്തായാലും ആക്ടിംഗ് പ്രസിഡന്റായ മന്‍സോറിന്റെ വക്താവ് താല്‍ക്കാലിക പ്രധാനമന്ത്രിയുടെ നിയമനവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ഇടതുപക്ഷ കക്ഷികള്‍ ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ സഖ്യമായ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ടിന്റെ കോ-ഓര്‍ഡിനേറ്ററാണ് എല്‍ബരാദി.
അതേസമയം മൊര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതില്‍ പ്രതിഷേധിച്ച് വ്യാപകമായ അക്രമങ്ങളാണ് ഈജിപ്തില്‍ അരങ്ങേറുന്നത്. മൊര്‍സിയെ പിന്തുണക്കുന്ന പതിനായിരങ്ങളുടെ കൂറ്റന്‍ റാലികള്‍ കീ്റോ നഗരത്തെ പിടിച്ചുകുലുക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു മൊര്‍സി. ജനറല്‍ അബ്ദുള്‍ ഫത്തോ-എല്‍-സിസിയുടെ സൈനിക നടപടിയിലൂടെയാണ് പ്രസിഡന്റിനെ പുറത്താക്കിയത്. എന്നാല്‍ ഇത് ഒരു പട്ടാളവിപ്ലവമാണെന്ന വാദം ജനറല്‍ അബ്ദല്‍ ഫത്താ നിഷേധിച്ചു. ദശലക്ഷക്കണക്കിന് ഈജിപ്തുകാരുടെ ആഗ്രഹം സഫലമാക്കുകയാണ് സൈന്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
മൊര്‍സിയെ പിന്തുണക്കുന്നവരും എതിരാളികളും തമ്മില്‍ കീ്റോയില്‍ ഏറ്റുമുട്ടലുകളുണ്ടായതോടെ റോഡുകള്‍ യുദ്ധക്കളമായി മാറി. കഴിഞ്ഞദിവസം നടന്ന അക്രമങ്ങളില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
മുന്‍ പ്രസിഡന്റ് മൊര്‍സി അധികാരം തന്നില്‍മാത്രം നിക്ഷിപ്തമാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഈജിപ്ത് വീണ്ടും പുകഞ്ഞുതുടങ്ങിയത്. ജനാധിപത്യനയങ്ങള്‍ സ്വീകരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. സാമ്പത്തിക പരിഷ്ക്കരണം നടത്തുന്നതിനും അദ്ദേഹം സാധിച്ചില്ല.
അതേസമയം മൊര്‍സിയെ പുറത്താക്കിയത് ഉചിതമായ നടപടിയാണെന്ന അഭിപ്രായമാണ് എല്‍ബരാദിക്കുള്ളത്. അല്ലെങ്കില്‍ രാജ്യത്ത് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സ്വയം ‘ഫറവോ’ ആയി പ്രഖ്യാപിച്ച് ഭരണം നടത്തിയ മൊര്‍സി രാജ്യത്തിന്റെ നില അപകടത്തിലാക്കുകയായിരുന്നുവെന്ന് എല്‍ബരാദി ആരോപിക്കുന്നു.
















