തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിന്റെ പിന്നില്‍ വന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ഈ ക്രിമിനല്‍ ഗൂഢാലോചന പുറത്തു വരാതിരിക്കാന്‍ ഉന്നതങ്ങളില്‍ ചരടുവലി നടക്കുകയാണ്. സോളാര്‍ തട്ടിപ്പിലെ കൂട്ടുപ്രതികളായ ജിക്കുവിനെയും സലിംരാജിനെയും തോമസ് കുരുവിളയെയും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താല്‍ ഇനിയും പുറത്തുവരാനുള്ള ഗുരുതരമായ ക്രിമിനല്‍ ബന്ധങ്ങളുടെ ചുരുളഴിയും. ഈ തട്ടിപ്പു സംഘത്തെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യാനും സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുമുള്ള ചങ്കൂറ്റം ആഭ്യന്തരമന്ത്രി കാണിക്കുമോയെന്നാണ് ഇനി അറിയാനുള്ളതെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യില്ലെന്ന വാശിയിലാണ് ആഭ്യന്തര വകുപ്പ് മുന്നോട്ടു പോകുന്നത്. ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ തട്ടിപ്പില്‍ ഉന്നതര്‍ക്കുള്ള പങ്ക് പുറത്തുവരുമെന്ന പേടിയാണ് ഈ മനോഭാവത്തിനു പിന്നിലെന്നും വി.എസ് ആരോപിച്ചു.
കോടതി നിര്‍ദേശമനുസരിച്ചു മാത്രമേ അറസ്റ്റ് ചെയ്യൂവെന്ന തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. ഇതിനാണെങ്കില്‍ പോലീസ് അന്വേഷണത്തിന്റെ ആവശ്യമില്ല. അറസ്റ്റ് വൈകിച്ചു തെളിവുകള്‍ നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയും സഹമന്ത്രിമാരും തട്ടിപ്പു സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പോലീസ് നിസ്സഹായരും നിഷ്ക്രിയവുമായിരിക്കുന്നുവെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: