തൃശൂര്‍: തൃശൂരിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ മൂന്നിടത്ത് കരിങ്കൊടി. സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണവിധേയനായ തിരുവഞ്ചൂര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് മന്ത്രിയ്ക്കെതിരെ കരിങ്കൊടി വീശിയത്.
വിയ്യൂര്‍ കേരള ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഫയര്മാന്മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തിരുവഞ്ചൂര്‍. ആദ്യം തൃശൂര്‍ രാമനിലയത്തിന് മുന്നില്‍ ഡി.വൈ.എഫ്.ഐ തൃശൂര്‍ ബ്ലോക്ക് സെക്രട്ടറി അനൂപ് ഡേവിസ് കാടയുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. തുടര്‍ന്ന് വിയ്യൂര്‍ പവര്‍ ഹൗസിന് മുന്നില്‍ വച്ച് നൂറോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുഴയ്ക്കല്‍ ബ്ളോക്ക് സെക്രട്ടറി സന്തോഷിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പിന്നീട് പള്ളിമൂല ജംഗ്ഷനില്‍ നിന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി. സുമേഷ്, ജില്ലാ പ്രസിഡന്റ് കെ.വി. സജു, ട്രഷറര്‍ പി.ബി. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ കരിങ്കൊടിയുമായി ഫയര്‍ ഫോഴ്സ് അക്കാഡമിയിലെത്തി. ഇവരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി.
മന്ത്രിക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് തൃശൂര്‍ നഗരത്തിലെങ്ങും കനത്ത സുരക്ഷാസംവിധാനമാണ് ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: