ലണ്ടന്‍: ഐപിഎല്ലിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും നടക്കുന്ന ഒത്തുകളിയുടെ നിഴലില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അഴിമതി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ഐസിസി ശ്രമിക്കുന്നു.
മത്സരത്തിനായി ബസില്‍ കയറുന്നതിന് മുമ്പ് മൊബൈലുകള്‍ താരങ്ങള്‍ ഹാജരാക്കണമെന്നാണ് ഐസിസിയുടെ വ്യവസ്ഥ. അതുകൂടാതെ ഐസിസിയുടെ അഴിമതി വിരുദ്ധ സുരക്ഷാ യൂണിറ്റിലെ അധികൃതര്‍ ഹോട്ടലിലെ താരങ്ങളുടെ പെരുമാറ്റരീതികള്‍ വീക്ഷിക്കും.
മത്സരത്തിനുള്ള എട്ട് ടീമുകളില്‍ ആറ് ടീം എത്തിച്ചേര്‍ന്നിട്ടുണ്ട്. ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും ബുധനാഴ്ച്ചത്തെ മത്സരത്തിന് ശേഷം മാത്രമെ എത്തുകയുള്ളു. മത്സരത്തില്‍ ബംഗ്ലാദേശ് പങ്കെടുക്കുന്നില്ല.
ലോകത്ത് എല്ലായിടത്തും തന്നെ ക്രിക്കറ്റില്‍ പ്രശ്നം നേരിട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഷ്റഫുള്ളിനെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നടന്ന ഒത്തുകളില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ആഴ്ച്ചകളായി ഇന്ത്യന്‍ ക്രിക്കറ്റ് ഒത്തുകളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ശ്രീശാന്തുള്‍പ്പടെ മൂന്ന് പേരെയും 11 വാതുവയ്പ്പുകാരെയുമാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരെ ജൂണ്‍ 18 വരെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ബിസിസിഐയിലെ പ്രധാനപ്പെട്ട ചില വ്യക്തികള്‍ രാജിവച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് കമ്മീഷന് രൂപീകരിച്ചു.
ഒത്തുകളിയെ സംബന്ധിച്ച അറസ്റ്റുകളും നാണകേടുമൊന്നു തന്നെ അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അഴിമതിയുണ്ടാകാന്‍ സാഹചര്യം കൊടുക്കാത്ത രീതിയിലുള്ള ഐസിസിയുടെ നീക്കം.
















