തൃപ്പൂണിത്തുറ: ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ പ്രതിയായ ശ്രീശാന്തിനെതിരെ ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് മാതാപിതാക്കള്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീശാന്ത് ക്രിക്കറ്റ് രംഗത്തേക്ക് വീണ്ടും വരരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും അവരുടെ ഗൂഢപ്രവര്ത്തനങ്ങളാണ് ശ്രീശാന്തിനെതിരെ ‘മോക്ക’ നിയമം ചുമത്താന്‍ പ്രേരകമായിട്ടുള്ളതെന്നും അച്ഛന് ശാന്തകുമാരന്‍ നായരും അമ്മ സാവിത്രീ ദേവിയും മരുമകന് മധു ബാലകൃഷ്ണന്റെ വസതിയായ ‘മാധവ’ത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് ഇരുവരും മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ശ്രീശാന്ത് നിരപരാധിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് അമ്മ സാവിത്രിദേവി ആവര്‍ത്തിച്ചു. കേരളീയര്‍ക്കെല്ലാം ശ്രീശാന്തിന്റെ കുറുമ്പും കുസൃതിയും അറിയാവുന്നതാണ്. സംഭവിച്ചതെല്ലാം അവിശ്വസനീയമായിട്ടാണ് തോന്നുന്നത്. ക്രിക്കറ്റ് രംഗത്തേക്ക് വരുന്ന നിരവധിപേര്‍ക്ക് ശ്രീശാന്ത് പിന്തുണയും പ്രോത്സാഹനവും നല്കി സഹായിച്ചിട്ടുണ്ടെന്നും സാവിത്രിദേവി അവകാശപ്പെട്ടു. ശ്രീശാന്തിനെ സ്നേഹിക്കുന്ന ലോകത്തെമ്പാടുമുള്ളവര്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ജാമ്യം കിട്ടാനായി പ്രാര്‍ത്ഥിക്കണമെന്ന് തൊണ്ടയിടറി കരച്ചിലിന്റെ വക്കോളമെത്തിക്കൊണ്ട് അവര്‍ പറഞ്ഞു.
പൂര്‍ണ്ണമായും ദൈവവിശ്വാസികളായ ഞങ്ങള്‍ എല്ലാ ദൈവങ്ങളിലും വിശ്വാസമുള്ളവരാണ്. ശ്രീക്ക് ജാമ്യം ലഭിച്ച് തിരികെവരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മാതാപിതാക്കള്‍ ഏകസ്വരത്തില്‍ പറഞ്ഞു. ശ്രീശാന്തിന് അര്‍ഹമായ പരിഗണനയും പ്രോത്സാഹനവും എന്നും നല്‍കിയിട്ടുള്ള മാധ്യമങ്ങളുടെ പിന്തുണ തുടര്ന്നുമുണ്ടാവണമെന്നും മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
















