മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ തോല്‍വിയുടെ നൊമ്പരം അകറ്റാന്‍ കൊതിക്കുന്ന സ്പാനിഷ് ടീം ബാഴ്സലോണയ്ക്ക് വിജയത്തിന്റെ തൂവല്‍ സ്പര്‍ശം. ലാ ലീഗയില്‍ റയല്‍ ബെറ്റീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു മുക്കി അവര്‍ കിരീടത്തിലേക്ക് ഒരു പടികൂടെ അടുത്തു. 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സ (88) നിതാന്ത വൈരികളായ റയലിനെക്കാള്‍ (77) 11 പോയിന്റിന്റെ ലീഡില്‍ തിരിച്ചെത്തി. ലീഗില്‍ ഇനി നാലു മത്സരങ്ങള്‍കൂടി അവശേഷിക്കുന്നുണ്ട്.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഡബിള്‍ സ്ട്രൈക്കാണ് ബാഴ്സയുടെ വിജയത്തിലെ സവിശേഷത. 46 ഗോളുകളോടെ ടോപ് സ്കോറര്‍ പട്ടവും മെസി ഉറപ്പിച്ചുകഴിഞ്ഞു. അലക്സി സാഞ്ചസും ഡേവിഡ് വിയയും ബാഴ്സയുടെ ഇതര ഗോള്‍ വേട്ടക്കാര്‍. ബെറ്റീസിന്റെ ഗോളുകള്‍ ഡോര്‍ലാന്‍ പാബൊന്, റൂബന്‍ പെരസ് എന്നിവര്‍ കുറിച്ചു.
രണ്ടുതവണ പിന്നിട്ടു നിന്നശേഷമായിരുന്നു ബാഴ്സയുടെ ജയം. രണ്ടാംപകുതിയില്‍ കളത്തിലിറങ്ങിയ മെസി തന്റെ പ്രതിഭാ സ്പര്‍ശത്തിലൂടെ മത്സരത്തിന്റെ ജാതകം മാറ്റിയെഴുതി. രണ്ടാം മിനിറ്റില്‍ ഡോര്‍ലാന്‍ പാബൊനിലൂടെ ബെറ്റീസ് മുന്നില്ക്കയറുമ്പോള് നൗ കാമ്പിലെ ഗ്യാലറി തരിച്ചിരുന്നു. (1-0). അധികം താമസിയാതെ ആന്ദ്രെ ഇനിയെസ്റ്റയുടെ ക്രോസില്‍ തലവെച്ച് അലക്സി സാഞ്ചസ് ബാഴ്സയ്ക്കു സമനില നല്കി (1-1). എങ്കിലും ആഘോഷം അധിക നേരം നീണ്ടില്ല. ഒന്നാം പകുതിയുടെ അന്ത്യ നിമിഷങ്ങളിലൊന്നില്‍ 30വാര അകലെ നിന്ന് പെരസ് തൊടുത്ത ഉശിരനടി വളഞ്ഞ് പുളഞ്ഞ് ബാഴ്സയുടെ വല ചുംബിച്ചു (2-1). രണ്ടാം പകുതിയാരംഭിച്ച് അധികം താമസിയാതെ വിയ ബാഴ്സയുടെ മടങ്ങിവരവിനു തുടക്കമിട്ടു. നിരവധി അവസരങ്ങള്‍ കളഞ്ഞതിനു പ്രായശ്ചിത്തമെന്നോണമൊര് ഗോള്‍ (2-2). തുടര്‍ന്ന് സ്റ്റാര്‍ സ്ട്രൈക്കറെ ടിറ്റൊ വിലാനോവ കരയ്ക്കുകയറ്റി. മെസി കളത്തിലേക്ക്. 60-ാം മിനിറ്റില്‍ ആ മാന്ത്രിക ത ബാഴ്സ ഒരിക്കല്‍ക്കൂടി അനുഭവിച്ചറിഞ്ഞു. മെസിയുടെ സുന്ദരമായൊരു ഇടംകാലന്‍ ഷോട്ടിനു മറുപടി പറയാന്‍ ബെറ്റീസ് ഗോളിക്കാവുമായിരുന്നില്ല (3-2). ഇനിയെസ്റ്റയും സാഞ്ചസും നടത്തിയ നീക്കത്തിനൊടുവില്‍ മെസി ഇരട്ട ഗോള്‍ തികയ്ക്കുമ്പോള്‍ ചെറിയ ഇടവേളയ്ക്കുശേഷം നൗ കാമ്പില്‍ പുഞ്ചിരി പൂത്തു (4-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: