ലണ്ടന്‍: യൂറോപ്പ ലീഗിന്റെ ഫൈനലില്‍ പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയും പോര്‍ച്ചുഗീസ് ടീമായ ബെനഫിക്കയും ഏറ്റുമുട്ടും. ഇന്നലെ പുലര്‍ച്ചെ നടന്ന സെമിഫൈനലില്‍ ചെല്‍സി സ്വിസ് ടീമായ എഫ്സി ബാസിലിനെയും ബെനഫിക്ക തുര്‍ക്കി ക്ലബായ ഫെനര്‍ബാഷിനെയും കീഴടക്കിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.
എഫ്സി ബാസിലിനെതിരെ സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ആധികാരിക വിജയം സ്വന്തമാക്കിയാണ് ചെല്‍സി ഫൈനലിന് യോഗ്യത നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ച ചെല്‍സി ഇതോടെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഉജ്ജ്വലമായി തിരിച്ചടിച്ച് ഒന്‍പത് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ നേടിയാണ് ചെല്‍സി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ചെല്‍സിക്കുവേണ്ടി ടോറസ്, മോസസ്, ലൂയിസ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ബാസിലിന്റെ ഗോള്‍ മുഹമ്മദ് സാലയാണ് നേടിയത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും പ്രീമിയര്‍ ലീഗ് കിരീടവും നഷ്ടമായ ചെല്‍സിക്ക് ആശ്വാസമാകണമെങ്കില്‍ ഈ കിരീടമെങ്കിലും സ്വന്തമാക്കണം.
ഉജ്ജ്വലമായ ഫുട്ബോളാണ് തുടക്കം മുതല്‍ ചെല്‍സിയും ബാസിലും കാഴ്ചവെച്ചത്. മത്സരത്തില്‍ നേരിയ മുന്‍തൂക്കം ചെല്‍സിക്കായിരുന്നു. പന്ത് ഇരുഗോള്‍മുഖത്തേക്കും തുടര്‍ച്ചയായി കയറിയിറങ്ങിയെങ്കിലും ഗോള്‍മാത്രം വിട്ടുനിന്നു. ടോറസും മോസസും ഹസാര്‍ഡും ഉള്‍പ്പെട്ട ചെല്‍സി മുന്നേറ്റ നിര ബാസില്‍ ഗോള്‍മുഖത്തേക്ക് നിരന്തരം കുതിച്ചെങ്കിലും അവയെല്ലാം ബാസില്‍ ഗോളി യാന്‍ സമ്മറിന്റെ മെയ്വഴക്കത്തിന് മുന്നില്‍ വിഫലമായി. ഇതിനിടെ ചില നല്ല മുന്നേറ്റങ്ങള്‍ ബാസില്‍ മുന്നേറ്റനിരയും കാഴ്ചവെച്ചെങ്കിലും പീറ്റര്‍ ചെക്കിനെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ആദ്യ പകുതി സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മത്സരത്തിലെ ആദ്യഗോള്‍ പിറന്നത്. ഇഞ്ച്വറി സമയത്ത് സ്റ്റോക്കറുടെ പാസ് സ്വീകരിച്ച് ക്ലോസ്റേഞ്ചില്‍ നിന്ന് ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സാല പായിച്ച ഷോട്ട് ചെല്‍സിയുടെ വിഖ്യാതഗോളി പീറ്റര്‍ ചെക്കിനെ കീഴടക്കി വലയില്‍ പതിച്ചു. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ചെല്‍സി സമനില ഗോള്‍ നേടി മത്സരത്തില്‍ തിരിച്ചെത്തി. ഹസാര്‍ഡും ലംപാര്‍ഡും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ലംപാര്‍ഡ് ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട് ബാസില്‍ ഗോളിക്ക് കയ്യിലൊതുക്കാന്‍ പറ്റിയില്ല. റീബൗണ്ട് വന്ന പന്ത് കാത്തുനില്‍ക്കുകയായിരുന്ന ടോറസ് അനായാസം വലയിലെത്തിച്ചു. രണ്ട് മിനിറ്റിനകം നൈജീരിയന്‍ മിഡ്ഫീല്‍ഡര്‍ വിക്ടര്‍ മോസസ് ടീമിന് ലീഡ് നേടിക്കൊടുത്തു. പിന്നീട് 59-ാം മിനിറ്റില്‍ 25 വരെ അകലെ നിന്ന് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് തൊടുത്ത ഒരു ഇടങ്കാലന്‍ ലോംഗ്ഷോട്ട് ബാസില്‍ വലയില്‍ പതിച്ചതോടെ ചെല്‍സിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
മറ്റൊരു സെമിഫൈനലില്‍ തുര്‍ക്കി ക്ലബ് ഫെനര്‍ബാഷയെയും 3-1ന് കീഴടക്കിയാണ് പോര്‍ച്ചുഗല്‍ ടീം ബെനഫിക്ക കലാശക്കളിക്ക് യോഗ്യത നേടിയത്. ആദ്യ പാദത്തില്‍ 1-0ന് പരാജയപ്പെട്ട ബെനഫിക്ക ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയവുമായാണ് ഫൈനലില്‍ പ്രവേശിച്ചത്. ലിസ്ബണില്‍ നടന്ന രണ്ടാം പാദത്തില്‍ പരാഗ്വെയ്ന്‍ താരം ഓസ്കര് കാര്‍ഡോസയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ബെനഫിക്ക ഫെനര്‍ബാഷിനെ മറികടന്നത്. ഒന്‍പതാം മിനിറ്റില്‍ അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ നിക്കൊ ഗയ്റ്റനാണ് ബെനിഫിക്കയ്ക്ക് ആദ്യം ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ 23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിര്‍ക് ക്യുയിറ്റ് സമനില നേടി. ഗാരി ബോക്സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തടുത്തതിനാണ് സ്പോട്ട് കിക്ക് ലഭിച്ചത്. ഇതോടെ രണ്ട് ഗോള്‍ കൂടി നേടിയാല്‍ മാത്രമേ ഫൈനലില്‍ പ്രവേശിക്കാന്‍ ബെനഫിക്കക്ക് കഴിയൂ എന്ന സ്ഥിതിവന്നു. പിന്നീടാണ് അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഓസ്കാര്‍ കാര്‍ഡോസോ രണ്ടുതവണ ഫെനര്‍ബാഷെ വല കുലുക്കിയത്.
ഇരട്ടപ്രഹരത്തോടെ പരാഗ്വന്‍ സ്ട്രൈക്കര്‍ ഓസ്കാര്‍ കാര്‍ഡോസൊ ടീമിന് വിജയം സമ്മാനിച്ചു. 36, 66 മിനിറ്റുകളിലായിരുന്നു ഉപനായകന്‍ കൂടിയായ കാര്‍ഡോസോയുടെ ഗോളുകള്‍. എന്‍സോ പെരസിന്റെ പാസില്‍ നിന്നാണ് കാര്‍ഡോസൊ തന്റെ ആദ്യ ഗോള്‍ നേടി ടീമിന് ലീഡ് നേടിക്കൊടുത്തത്. ആന്ഡേഴ്സണ് ലൂയിസോയാണ് 66-ാം മിനിറ്റില്‍ കാര്‍ഡോസൊ നേടിയ രണ്ടാം ഗോളിന് വഴിമരുന്നിട്ടത്. ഈ മാസം 15ന് ആംസ്റ്റര്‍ഡാമിലാണ് ഫൈനല്‍ അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: