കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന് മുന്നോടിയായി ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയത്തിനുള്ള സര്‍വെയ്‌ക്ക് തുടക്കമായി. ആലുവ, കണയന്നൂര്‍ താലൂക്കുകളുടെ അതിര്‍ത്തിയായ കളമശ്ശേരിയില്‍ ജില്ല കളക്ടര്‍ പി.ഐ ഷെയ്‌ക്ക് പരീത് സര്‍വെ ഉദ്ഘാടനം ചെയ്തു. ആലുവ, കണയന്നൂര്‍ താലൂക്കുകളിലായി നടക്കുന്ന സര്‍വെയ്‌ക്ക് അഡീഷണല്‍ തഹസില്‍ദാര്‍മാര്‍മാരാണ് മേല്‍നോട്ടം വഹിക്കുന്നത്. ഹെഡ് സര്‍വെയര്‍മാരുടെ നേതൃത്വത്തില്‍ പത്തു പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് സര്‍വെ നടത്തുന്നത്.
രണ്ട് താലൂക്കുകളുടെയും അതിര്‍ത്തിയായ കളമശ്ശേരിയില്‍ നിന്നും ഇടപ്പള്ളിയിലേക്കും ആലുവയിലേക്കുമാണ് സര്‍വെ നടത്തുന്നത്. മെട്രോ റെയിലിനുള്ള തൂണുകള്‍ സ്ഥാപിച്ച ശേഷവും ദേശീയപാതയുടെ വീതി നാലുവരിയായി നിലനിര്‍ത്താനാകുമോ എന്ന് പരിശോധനയാണ് സര്‍വെയില്‍ പ്രധാനമായും നടത്തുന്നതെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. ഭൂരിഭാഗം സ്ഥലങ്ങളിലും ദേശീയപാത നാലുവരിയായി നിലനിര്‍ത്തുന്നതിനുള്ള വീതിയുണ്ടെന്ന് നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീതിയില്ലാത്ത സ്ഥലങ്ങളില്‍ മാത്രം ഭൂമി ഏറ്റെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
സര്‍വെ രണ്ടാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കും. ആദ്യത്തെ ഒരാഴ്ചയ്‌ക്കു ശേഷം സര്‍വെയുടെ വിലയിരുത്തല്‍ നടക്കും. സര്‍വെയ്‌ക്കായി പുറമെ നിന്നുള്ള തൊഴിലാളികളെയും നിയോഗിക്കുന്നുണ്ട്. പ്രാഥമിക ചെലവുകള്‍ക്കായി 60000 രൂപയും അനുവദിച്ചു. അതിര്‍ത്തി അളന്നു തിരിക്കുന്ന മേഖലയില്‍ അപ്പോള്‍ തന്നെ കല്ലുകള്‍ സ്ഥാപിക്കുന്നുണ്ട്. ഡപ്യട്ടി കളക്ടര്‍ മോഹന്‍ദാസ് പിള്ള, സര്‍വെ സൂപ്രണ്ട് നളിനി, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സര്‍വെയ്‌ക്ക് തുടക്കം കുറിക്കാന്‍ എത്തിയിരുന്നു.
















